പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഇനി ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം; പുതിയ 'മാര്‍ക്കറ്റ്-മേക്കിങ് ഫ്രെയിംവര്‍ക്കും' പ്രഖ്യാപിച്ചു

പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഇനി ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം; പുതിയ 'മാര്‍ക്കറ്റ്-മേക്കിങ് ഫ്രെയിംവര്‍ക്കും' പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുന്നതിനായി ഓഹരി-കടപ്പത്ര വിപണികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദേശ ഇന്ത്യക്കാര്‍ക്കും  വിദേശികള്‍ക്കും  ഇനി ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാം.

ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധി വര്‍ധിപ്പിക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനായി പുതിയ 'മാര്‍ക്കറ്റ്-മേക്കിങ് ഫ്രെയിംവര്‍ക്കും' പ്രഖ്യാപിച്ചു.

നിലവില്‍ വിദേശ നിക്ഷേപങ്ങള്‍ പ്രധാനമായും രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍അല്ലെങ്കില്‍ എന്‍ആര്‍ഐ വഴിയാണ് വന്നിരുന്നത്. സാധാരണക്കാരായ വിദേശ നിക്ഷേപകര്‍ക്ക് ഇത് സങ്കീര്‍ണമായ പ്രക്രിയയായിരുന്നു.

വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകര്‍ക്ക് 'പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം' വഴി നേരിട്ട് ഇന്ത്യന്‍ ഓഹരികളില്‍ ഇനി നിക്ഷേപിക്കാം. വിദേശ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര എക്സ്ചേഞ്ചുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.

ഗൗരവമായി നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് ഇതുവഴി കമ്പനികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. ഓഹരികളുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്തുന്നതിനും ദീര്‍ഘകാല മൂലധന രൂപീകരണത്തിനും ഇത് സഹായിക്കും.

ഇന്ത്യന്‍ കടപ്പത്ര വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പണലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് 'മാര്‍ക്കറ്റ്-മേക്കിങ് ഫ്രെയിംവര്‍ക്ക്' അവതരിപ്പിച്ചത്. നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ബോണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സംവിധാനം വഴി കഴിയും.

ഇതോടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും ബാങ്ക് വായ്പകള്‍ക്കും പകരമായി കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. കമ്പനികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണം സമാഹരിക്കാന്‍ ഇത് സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.