എഫ് ആന്‍ഡ് ഒ ഇടപാടുകള്‍ക്ക് നികുതി കൂട്ടി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

എഫ് ആന്‍ഡ് ഒ ഇടപാടുകള്‍ക്ക് നികുതി കൂട്ടി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: എഫ് ആന്‍ഡ് ഒ (ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ്) ഇടപാടുകള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ചത് ഓഹരി വിപണിയെ ബാധിച്ചു. ബജറ്റ് പ്രഖ്യാപനത്തിനിടെ രണ്ടായിരത്തിലേറെ പോയന്റ് ഇടിവ് നേരിട്ടെങ്കിലും പിന്നീട് നഷ്ടം ആയിരത്തിന് താഴെയെത്തി.

ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് ഇടപാടുകളിന്മേലുള്ള സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് (എസ്ടിടി) 150 ശതമാനം വരെ കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഫ്യൂച്ചേഴ്സിന്റെ നികുതി 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഓപ്ഷന്‍സിന്റേത് 0.1 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ചുകളുടെയും ഓഹരി വിലയില്‍ 10 ശതമാനംവരെ ഇടിവ് നേരിട്ടു. ഓപ്ഷന്‍ പ്രീമിയത്തിന്മേലുള്ള നികുതി മുന്‍ ബജറ്റിലും 0.0625 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായി കൂട്ടിയിരുന്നു. വര്‍ധന നിലവില്‍വരുന്നതോടെ ഡെറിവേറ്റീവ് വിപണിയിലെ ഇടപാടുകള്‍ക്ക് ചെലവേറും.

ബജറ്റ് പ്രഖ്യാപനത്തോടെ ബി.എസ്.ഇ, എയ്ഞ്ചല്‍ വണ്‍, ഗ്രോ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ 10 ശതമാനംവരെ ഇടിവ് രേഖപ്പെടുത്തി. നികുതി വര്‍ധന ഇക്വിറ്റി അധിഷ്ഠിത ഉല്‍പന്നങ്ങളുടെ ആകര്‍ഷണീയത കുറയ്ക്കുമെന്നും സജീവ ട്രേഡര്‍മാരെ പിന്നോട്ടടിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങളും അസറ്റ് മാനേജര്‍മാരും അഭിപ്രായപ്പെടുന്നു.

ഓഹരി വിപണിയിലെ നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനും നികുതി ശേഖരണം ലളിതമാക്കുന്നതിനുമായി 2004 ഒക്ടോബര്‍ ഒന്നിനാണ് എസ്ടിടി ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.