ധോണി പറന്നുയർന്നത് ഐപിഎൽ റെക്കോർഡിലേക്ക്

ധോണി പറന്നുയർന്നത് ഐപിഎൽ റെക്കോർഡിലേക്ക്

അബുദാബി: ‘പ്രായം ചിലർക്ക് വെറും നമ്പർ മാത്രമാണ്, മറ്റു ചിലർക്ക് ടീമിനു പുറത്തേക്കുള്ള വഴിയും’ – കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചൊരു പ്രസ്താവനയാണിത്. മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകളുടെ ഉന്നം മഹേന്ദ്രസിങ് ധോണിയാണെന്നണെന്നാണ് പിന്നാമ്പുറ സംസാരം. കളി നിർത്തണ്ട കാലത്തും കളത്തിൽ സജീവമായി നിൽക്കുന്നതിനോടുള്ള എതിർപ്പാണ് ഈ വാക്കുകളിലെന്ന് വ്യക്തം. പ്രായം തനിക്ക് വെറും നമ്പറാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കണ്ടാൽ ഇത് വ്യക്തമാകും.

കൊൽക്കത്ത ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധോണിയിലെ പ്രായം തളർത്താത്ത ഫീൽഡറുടെ മാസ്മരിക ക്യാച്ച് പിറന്നത്. കൊൽക്കത്ത താരങ്ങൾ സിംഗിൾ എടുക്കുന്നതു തടയാൻ വലതു കയ്യിലെ ഗ്ലൗസ് ഒഴിവാക്കിയാണ് ധോണി വിക്കറ്റിനു പിന്നിൽ നിന്നത്. ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ പന്ത് ശിവം മാവിയുടെ ബാറ്റിൽ തട്ടി വിക്കറ്റിനു പിന്നിലേക്ക് പറന്നു. വലത്തേക്കു ഡൈവ് ചെയ്ത ധോണിയുടെ കയ്യിൽ തട്ടി പന്ത് തെറിച്ചു. പന്ത് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ച ധോണി, വീണ്ടും ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അവസാന ഓവറിൽ ശിവം മവിയെ പുറത്താക്കി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി കൊൽക്കത്തയുടെ ദിനേശ് കാർത്തിക്കിനൊപ്പമെത്തി. ഇരുവരും നിലവിൽ 104 ക്യാച്ചുകൾ വീതമാണ് എടുത്തിട്ടുള്ളത്. ധോണിയുടെ 196 മത്സരമായിരുന്നു ഇന്നലത്തേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.