വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ നിയമസംഹിതയായ 'കാനോൻ നിയമങ്ങൾ' വ്യാഖ്യാനിക്കുന്ന വത്തിക്കാനിലെ അതിപ്രധാനമായ ഡിക്കാസ്റ്ററി ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റസിന്റെ തലവനായി ഓസ്‌ട്രേലിയൻ ആർച്ച് ബിഷപ്പ് ആന്തണി രന്ദാസോയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒഴിവുകിടന്ന പദവിയിലേക്കാണ് 59 കാരനായ രന്ദാസോ നിയമിതനാകുന്നത്. ഇതോടെ വത്തിക്കാൻ ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള പദവിയിലെത്തുന്ന അപൂർവ്വം ഓസ്‌ട്രേലിയൻ പ്രതിഭകളിൽ ഒരാളായി അദേഹം മാറി.
നിലവിൽ ഓസ്‌ട്രേലിയയിലെ ബ്രോക്കൺ ബേ രൂപതയുടെ ബിഷപ്പും ഓഷ്യാനിയയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ ഫെഡറേഷൻ പ്രസിഡന്റുമാണ് ആർച്ച് ബിഷപ്പ്. പുതിയ നിയമനത്തോടൊപ്പം മാർപാപ്പ അദേഹത്തിന് 'ആർച്ച് ബിഷപ്പ്' എന്ന വ്യക്തിഗത പദവിയും നൽകി ആദരിച്ചു.
റോമിലെ പ്രശസ്തമായ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഉന്നത പഠനം പൂർത്തിയാക്കി. 2004 മുതൽ അഞ്ച് വർഷത്തോളം വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിൽ പ്രവർത്തിച്ച പരിചയം ബിഷപ്പിനുണ്ട്. സഭയിലെ അച്ചടക്ക നടപടികളും ദുരുപയോഗ കേസുകളും കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.
1991 ൽ ബ്രിസ്‌ബേനിലെ വൈദികനായി അഭിഷിക്തനായി. 2016 ൽ സിഡ്‌നി അതിരൂപതയുടെ സഹായ മെത്രാനായും 2019-ൽ ബ്രോക്കൺ ബേ ബിഷപ്പായും സേവനമനുഷ്ഠിച്ചു. ആന്തണി രന്ദാസോയുടെ നിയമനം ഓസ്‌ട്രേലിയയ്ക്കും പസഫിക് മേഖലയ്ക്കും അഭിമാന നിമിഷമാണെന്ന് വത്തിക്കാനിലെ ഓസ്‌ട്രേലിയൻ അംബാസഡർ കീത്ത് പിറ്റ് പ്രതികരിച്ചു.
2028 ൽ മാർപാപ്പയുടെ ഓസ്‌ട്രേലിയൻ സന്ദർശനം പ്രതീക്ഷിക്കുന്ന വേളയിൽ ഈ നിയമനം ഏറെ പ്രാധാന്യമർഹിക്കുന്നു.
സഭയിലെ നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കുകയും കോടതികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്ന വിഭാഗമാണ് ഡിക്കാസ്റ്ററി ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്. അടുത്ത മൂന്ന് മാസം കൂടി ബ്രോക്കൺ ബേയിൽ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി തുടരുന്ന അദേഹം അതിനു ശേഷമാകും റോമിലെത്തി പുതിയ ചുമതലയേൽക്കുക.
മാർപാപ്പ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ആഴമായ നന്ദി രേഖപ്പെടുത്തുന്നതായി ആർച്ച് ബിഷപ്പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.