വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആശയവിനിമയ ശൃംഖലയുടെ തലപ്പത്തേക്ക് ഭാരതത്തിൽ നിന്നൊരു പുതിയ സാരഥി കൂടി. ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റും ഗോവ-ദാമൻ ആർച്ച് ബിഷപ്പുമായ കർദിനാൾ ഫിലിപ്പ് നേരി ഫെറാവൊയെ ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അംഗമായി ലിയോ മാർപാപ്പ നിയോഗിച്ചു.
സഭയുടെ ആഗോള തലത്തിലുള്ള മാധ്യമ പ്രവർത്തനങ്ങളുടെയും വാർത്താവിതരണത്തിന്റെയും നട്ടെല്ലാണ് ഈ ഡിക്കാസ്റ്ററി. വത്തിക്കാൻ വാർത്തകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവയുടെ നയരൂപീകരണത്തിലും മേൽനോട്ടത്തിലും ഇനി കർദിനാൾ ഫിലിപ്പ് നേരിയുടെ നിർണ്ണായക സാന്നിധ്യമുണ്ടാകും. സാർവത്രിക സഭയുടെ ഭരണഘടനയിൽ ഭാരത സഭയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തിന്റെ അടയാളം കൂടിയാണ് ഈ നിയമനം.
ഏഷ്യൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അദേഹത്തെ തേടി ഈ പുതിയ ഉത്തരവാദിത്തം എത്തുന്നത്. നിലവിൽ വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ ഡിക്കാസ്റ്ററിയിലും സിനഡ് സെക്രട്ടേറിയേറ്റിലും അംഗമാണ്.
1953 ജനുവരി 20നു ഗോവയിലെ ആൽഡോണയിലാണ് ഫിലിപ്പ് നേരിയുടെ ജനനം. 1979 ൽ വൈദികനായി പട്ടം സ്വീകരിച്ച ഫിലിപ്പ് നേരി ഇടവക തലത്തിലും ഭരണതലത്തിലും വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം, മതാന്തര സംഭാഷണം, സാമൂഹിക പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ പ്രസിദ്ധനായ കർദിനാൾ ഗോവയിലെ സഭയെ നയിക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2022-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദേഹത്തെ കർദിനാളായി ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.