വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ട്രംപിന്റെ പ്രധാന വോട്ട് ബാങ്കായ കത്തോലിക്കാ വോട്ടർമാർക്കിടയിൽ നടത്തിയ പുതിയ സർവേയിലാണ് ഭരണത്തോടുള്ള അതൃപ്തി വ്യക്തമായത്. 52 ശതമാനം കത്തോലിക്കാ വോട്ടർമാരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തരാണെന്ന് സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.
ഷാ ആൻഡ് കോ റിസർച്ചും ബീക്കൺ റിസർച്ചും സംയുക്തമായി നടത്തിയ സർവേ പ്രകാരം വെറും 48 ശതമാനം കത്തോലിക്കർ മാത്രമാണ് ഇപ്പോൾ ട്രംപിനെ പിന്തുണയ്ക്കുന്നത്. ഇതിൽ 40 ശതമാനം പേരും പ്രസിഡന്റിന്റെ നിലപാടുകളെ ശക്തമായി എതിർക്കുന്നു. 2024 ൽ 55 ശതമാനം കത്തോലിക്കാ വോട്ടുകളുടെ പിന്തുണയോടെ അധികാരത്തിലേറിയ ട്രംപിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ഇടിവ് വലിയ വെല്ലുവിളിയാകും.
ഇറാൻ വിഷയത്തിൽ ട്രംപ് സ്വീകരിക്കുന്ന കടുത്ത സൈനിക നിലപാടുകളെ 60 ശതമാനം കത്തോലിക്കരും തള്ളിക്കളയുകയാണ്. യുദ്ധത്തിന് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന് വത്തിക്കാനും കത്തോലിക്കാ ബിഷപ്പുമാരും നേരത്തെ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സൈനിക നടപടിയിലൂടെ സമാധാനം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നത് കേവലം 45 ശതമാനം പേർ മാത്രമാണ്.
അതേസമയം ഇറാന്റെ ആണവായുധ മോഹങ്ങളെയും ഭീകരവാദത്തോടുള്ള സമീപനത്തെയും കത്തോലിക്കാ സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും ഇറാൻ ആണവായുധം കൈക്കലാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ എണ്ണ വിതരണം തടസമില്ലാതെ നടക്കണമെന്നും ഭീകരവാദത്തിനുള്ള ഇറാന്റെ പിന്തുണ കുറയ്ക്കണമെന്നും ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു.
ചുരുക്കത്തിൽ ഇറാന്റെ ഭീഷണികളെ നേരിടണം എന്ന കാര്യത്തിൽ യോജിപ്പുണ്ടെങ്കിലും ട്രംപ് സ്വീകരിക്കുന്ന 'യുദ്ധം' എന്ന മാർഗത്തോടാണ് കത്തോലിക്കാ സമൂഹം വിയോജിക്കുന്നത്. പൊതുസമൂഹത്തിനിടയിലെ ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതി 41 ശതമാനമായി കുറഞ്ഞതും വൈറ്റ് ഹൗസിന് വരും ദിവസങ്ങളിൽ ആശങ്കയ്ക്ക് വകനൽകുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.