ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികള്‍: മാര്‍പാപ്പയും നെതന്യാഹുവും ട്രംപും പട്ടികയില്‍; ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍

ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികള്‍: മാര്‍പാപ്പയും നെതന്യാഹുവും ട്രംപും പട്ടികയില്‍; ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ 2026 ലെ ടൈം മാഗസിന്‍ പട്ടികയില്‍ ആഗോള കത്തോലിക്കാ സഭാ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഇടം പിടിച്ചു.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് ലിയോ പതിനാലാമന്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി മറുന്നത് എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് അഭിമാനകരമാണ്.

ഇന്ത്യയില്‍ നിന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രശസ്ത ഷെഫ് വികാസ് ഖന്ന, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ സുന്ദര്‍ പിച്ചൈ നല്‍കിയ നേതൃത്വത്തെ ടൈം പ്രകീര്‍ത്തിച്ചു.

2015 ല്‍ ഗൂഗിള്‍ സി.ഇ.ഒ ആയത് മുതല്‍ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളിലേക്ക് ഗവേഷണങ്ങളെ മാറ്റാന്‍ അദേഹത്തിന് സാധിച്ചുവെന്ന് മാഗസിന്‍ നിരീക്ഷിച്ചു.

ഭക്ഷണത്തെ ഒരു ആഗോള ഭാഷയായി ഉപയോഗിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്നതിലുള്ള വികാസ് ഖന്നയുടെ കഴിവിനെ മാഗസിന്‍ എടുത്തു പറഞ്ഞു. അദേഹത്തിന്റെ 'ബംഗ്ലോ' എന്ന റെസ്റ്റോറന്റ് വെറുമൊരു ഭക്ഷണശാലയല്ല, മറിച്ച് ഇന്ത്യന്‍ പൈതൃകത്തിന്റെയും കഥകളുടെയും ജീവിക്കുന്ന പ്രതീകമാണെന്ന് ടൈം കുറിച്ചു.

നടന്‍ ആയുഷ്മാന്‍ ഖുറാനയാണ് രണ്‍ബീര്‍ കപൂറിന്റെ പ്രൊഫൈല്‍ തയാറാക്കിയത്. പാരമ്പര്യത്തിന് പിന്നാലെ പോകുന്നവരല്ല, മറിച്ച് സ്വന്തം കലയിലൂടെ പാരമ്പര്യം സൃഷ്ടിക്കുന്ന നടനാണ് രണ്‍ബീറെന്ന് ഖുറാന കുറിച്ചു. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന താരം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനേ തകായ്ചി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം, നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ബാലന്‍ ഷാ, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ എന്നിവരും സ്വാധീന ശക്തിയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 14-ാം തവണയാണ് ഈ പട്ടികയില്‍ വരുന്നത്. ഈ വര്‍ഷത്തെ പട്ടികയിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ടതും ഇദേഹമാണ്. 96 വയസുള്ള മനുഷ്യാവകാശ പ്രവര്‍ത്തക ഡോളോറസ് ഹ്യൂര്‍ട്ട ആണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.