ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി, മണ്ഡല പുനര്‍ നിര്‍ണയം തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പിന്തുണയില്ലാതെ അവ പാസാക്കിയെടുക്കുക കേന്ദ്ര സര്‍ക്കാരിന് അസാധ്യം. കാരണം ഇവ ഭരണഘടനാ ഭേദഗതി ബില്ലുകളാണ്. ഇത്തരം സുപ്രധാന ബില്ലുകള്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.
നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയില്ലാതെ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന പ്രധാന കടമ്പ. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി ഒരു കമ്മീഷന്‍ രൂപീകരിക്കുന്ന ഡീലിമിറ്റേഷന്‍ ബില്‍ ഒഴികെ, മറ്റ് രണ്ടെണ്ണവും ഭരണഘടനാ ഭേദഗതി ബില്ലുകളാണ്.
ഈ ബില്ലുകള്‍ പാസാകണമെങ്കില്‍ ലോക്സഭയില്‍ നിലവിലെ 537 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടത്. 360 പേരുടെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്ര സര്‍ക്കാരിന് വേണ്ടി വരും.
രാജ്യസഭയില്‍ ബില്‍ പാസാക്കാനും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 163 മൂന്നാണ് രാജ്യസഭയിലെ ആ മാജിക് സംഖ്യ. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 21 സീറ്റുകള്‍ കുറവുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും സഹകരണവും ഇല്ലാതെ ബില്ലുകള്‍ പാസാക്കിയെടുക്കുക കേന്ദ്രസര്‍ക്കാരിന് ദുഷ്‌കരമാണ്.
പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയാന്‍ ഇടയാക്കും. പ്രതിപക്ഷ മുന്നണിയിലെ അനൈക്യം ഇത്തരമൊരു സാധ്യത നല്‍കുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറ്റുനോക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് വിഷയാധിഷ്ഠിത പിന്തുണ നല്‍കുന്ന ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് പാര്‍ട്ടികള്‍ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ കടുത്ത നിലപാടിലാണ്.
വനിതകള്‍ക്ക് 33 ശതമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ലോക്സഭയിലെ നിലവിലെ അംഗസംഖ്യയായ 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ, അതിന്റെ പേരില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.