വാഷിങ്ടണ്‍: ഹോര്‍മുസിലെ സുരക്ഷാ വെല്ലുവിളികളും ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളും വിലയിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ അതീവ സുരക്ഷാ വിഭാഗമായ സിറ്റുവേഷന്‍ റൂമില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തി.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. ഇറാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണെന്നെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ചില കൗശലങ്ങള്‍ കാണിച്ച് വീണ്ടും കടലിടുക്ക് അടയ്ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അതിന്റെ പേരില്‍ തങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഇറാനുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കരാറുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലും അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇതുവരെ തിയതി നിശ്ചയിച്ചിട്ടില്ല. ഇറാന്‍ മുന്നോട്ട് വെക്കുന്ന കടുത്ത നിബന്ധനകള്‍ കാരണം നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്ക. കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നീളുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാന്‍ ഭരണകൂടം. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ വഴങ്ങിയെന്ന ട്രംപിന്റെ പ്രസ്താവനകളെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പൂര്‍ണമായും നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.