ഇറാനുമായി അടുത്ത ബന്ധം: ജനറല്‍ അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; മുന്നറിയിപ്പുമായി യു.എസ് ഇന്റലിജന്‍സ്

ഇറാനുമായി അടുത്ത ബന്ധം: ജനറല്‍ അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; മുന്നറിയിപ്പുമായി യു.എസ് ഇന്റലിജന്‍സ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഇടപെടുന്ന പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനികളെ വിശ്വസിക്കരുതെന്നും അസിം മുനീറിന്റെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഒരു ചുവന്ന കൊടിയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഫോക്സ് ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

പാകിസ്ഥാനികളെ ട്രംപ് വിശ്വസിക്കരുത്. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വഞ്ചനാപരമായ സഖ്യകക്ഷിയായിരുന്നു. നമ്മുടെ സുഹൃത്തുക്കളാണെന്ന് നടിച്ചുകൊണ്ട് താലിബാനെ പിന്തുണയ്ക്കുന്നു. ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായുള്ള അസിം മുനീറിന്റെ ബന്ധം ട്രംപ് ഭരണകൂടത്തിന് ഒരു റെഡ് ഫ്ളാഗ് ആണെന്നും ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിലെ സീനിയര്‍ ഫെലോ ബില്‍ റോജിയോ പറഞ്ഞു.

ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുമായുള്ള മധ്യസ്ഥതകള്‍ക്ക് പാകിസ്ഥാനാണ് നേതൃത്വം വഹിക്കുന്നത്. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ ശേഷം ഇറാന്‍ സന്ദര്‍ശിച്ച ആദ്യത്തെ വിദേശ നേതാവാണ് പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ഇറാന്റെ സൈനിക നേതൃത്വവുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജനറല്‍ മുനീര്‍.

2016 ലും 2017 ലും പാകിസ്ഥാന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുമ്പോള്‍ മുതല്‍ ജനറല്‍ അസിം മുനീര്‍ ഇറാനുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഫോക്സ് ന്യൂസ് പറയുന്നു. ഐആര്‍ജിസിക്ക് പുറമേ ഇറാന്റെ സൈന്യവുമായും അവരുടെ ഇന്റലിജന്‍സുമായും മുനീറിന് ബന്ധമുണ്ടെന്ന് വിരമിച്ച പാകിസ്ഥാന്‍ ജനറല്‍ അഹമ്മദ് സയീദും വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയങ്കരനായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന് ട്രംപ് വിശേഷിപ്പിക്കുമ്പോഴും അസിം മുനീറിന്റെ നിലപാട് ചിലപ്പോള്‍ യുഎസ് താല്‍പര്യങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാന്‍ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.