വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം: യുദ്ധ ഭീഷണി മുഴക്കി യു.എസും ഇറാനും

വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം: യുദ്ധ ഭീഷണി മുഴക്കി യു.എസും ഇറാനും

ചര്‍ച്ചകള്‍ക്കെത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ട്രംപ്. യുദ്ധത്തിലിറക്കാന്‍ പുതിയ കാര്‍ഡുകള്‍ തയ്യാറാക്കുന്നതായി ഇറാന്‍.

ടെഹ്റാന്‍: വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ യുദ്ധ ഭീഷണി മുഴക്കി യു.എസും ഇറാനും. സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ബുധനാഴ്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതോടെ ഇറാനെ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.

ഇറാന്‍ പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിനാല്‍ വെടിനിര്‍ത്തല്‍ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ട്രംപ് ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഭീഷണികളുടെ നിഴലിലുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് രംഗത്തെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധത്തിലിറക്കാനുള്ള പുതിയ കാര്‍ഡുകള്‍ തയ്യാറാക്കുകയായിരുന്നു രാജ്യമെന്നും ഖാലിബാഫ് എക്സില്‍ കുറിച്ചു. സമാധാന ചര്‍ച്ചയ്ക്ക് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖൊമേനി പച്ചക്കൊടികാണിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍ ദേശീയ മാധ്യമം ഇറാനില്‍ നിന്ന് ചര്‍ച്ചകള്‍ക്കായി ആരും പോകുന്നില്ലെന്നും വ്യക്തമാക്കി.

രണ്ടാം ഘട്ട ചര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ഉടന്‍ കരാറിലെത്തുമെന്ന് വിശ്വസിക്കുന്നുവെന്നും ട്രംപ് ചൊവ്വാഴ്ച വൈറ്റ്ഹൗസിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സമാധാനക്കരാറില്‍ ഇറാന്‍ ഒപ്പിട്ടാല്‍ താന്‍ ഇസ്ലമാബാദില്‍ നേരിട്ടെത്തുമെന്ന് ട്രംപ് അറിയിച്ചതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ യു.എസ് പ്രതിനിധി സംഘവുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇസ്ലമാബാദിലേക്ക് പുറപ്പെട്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.