പുതിയ സമാധാന കരാറിനായി കാത്തിരിക്കുന്നു; ഇറാന്‍ പ്രകോപിപിച്ചാല്‍ ആക്രമണം പുനരാരംഭിക്കും: മുന്നറിയിപ്പുമായി ട്രംപ്

പുതിയ സമാധാന കരാറിനായി കാത്തിരിക്കുന്നു; ഇറാന്‍ പ്രകോപിപിച്ചാല്‍ ആക്രമണം പുനരാരംഭിക്കും: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചാല്‍ സൈനിക ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഏറ്റവും പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചതായും പൂര്‍ണ രൂപത്തിനായി കാത്തിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി കപ്പല്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാനും യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാനും നിര്‍ദേശിക്കുന്ന ഇറാന്റെ പുതിയ കരാര്‍, ആണവ വിഷയത്തിലുള്ള ചര്‍ച്ച പിന്നീട് നടത്താമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ഇറാന് ചുറ്റുമുള്ള അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുക, ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, യുദ്ധത്തിലുണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഇനിയൊരിക്കലും ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ട്രംപ് ഈ നിര്‍ദേശങ്ങള്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ക്ക് തങ്ങള്‍ വലിയ വില നല്‍കിയിട്ടില്ലെന്ന് ട്രംപ് സമൂഹ മാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഇറാന്റെ കരാറിനെക്കുറിച്ച് കേട്ടതായും കൂടുതല്‍ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഇറാനുമേല്‍ വീണ്ടും ആക്രമണം നടത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ മോശമായി പെരുമാറിയാല്‍ ആക്രമണം പുനരാരംഭിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം മാനുഷിക പരിഗണന വെച്ച് യാതൊരുവിധ സൈനിക നീക്കത്തിനും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വിലയും ആവശ്യ വസ്തുക്കളുടെ വിലയും ഗണ്യമായി വര്‍ധിച്ചു. ഇത് നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക റിപ്പബ്ലിക്കന്‍ ക്യാമ്പിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.