ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഒരുമിച്ച് ഡല്‍ഹിയിലെത്തിയതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായത്.
എന്നാല്‍ ഡല്‍ഹിയില്‍ നടന്നത് വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിയാലോചനകള്‍ മാത്രമാണെന്നും മറ്റ് പ്രചാരണങ്ങളെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ കര്‍ണാടകയിലെ പ്രമുഖ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചും മാത്രമാണ് യോഗം വിശദമായി ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്.
നിലവില്‍ കര്‍ണാടകയില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മെയ് 20 നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയകരമായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത്. ഈ പശ്ചാത്തലത്തിലാണ് അധികാര പങ്കുവെപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുമ്പോള്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണ ഹൈക്കമാന്‍ഡ് തലത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശിവകുമാര്‍ പക്ഷം അവകാശപ്പെടുന്നത്.
ഈ കാലാവധി കഴിഞ്ഞിട്ടും മാറ്റമുണ്ടാകാത്തതാണ് ഇപ്പോഴത്തെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് പ്രധാന കാരണം. അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും നിലവില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ഭരണം സുസ്ഥിരമാണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കമാന്‍ഡ് പൂര്‍ണ തൃപ്തരാണെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നേതാക്കള്‍ ഒരുമിച്ച് ബംഗളൂരുവിലേക്ക് മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.