സ്വിറ്റ്‌സർലൻഡിൽ സീറോ മലബാർ മഹാതീർത്ഥാടനം ചരിത്രമായി; ഓരോ പ്രവാസിയും മിഷനറിയെന്ന് മാർ റാഫേൽ തട്ടിൽ

സ്വിറ്റ്‌സർലൻഡിൽ സീറോ മലബാർ മഹാതീർത്ഥാടനം ചരിത്രമായി; ഓരോ പ്രവാസിയും മിഷനറിയെന്ന് മാർ റാഫേൽ തട്ടിൽ

സൂറിച്ച്: സ്വിറ്റ്സർലാൻഡിലെ പ്രശസ്ത മറിയൻ തീർഥാടനകേന്ദ്രമായ ഐൻസീഡൽ ബെനഡിക്ടിൻ ആശ്രമംസീറോ മലബാർ സമൂഹത്തിന്റെ വാർഷിക മഹാതീർഥാടനത്തിന് വേദിയായി. രാജ്യത്തിന്റെ വിവിധ കാന്റണുകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ കുടുംബസമേതം പങ്കെടുത്ത ഈ മഹാസംഗമം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.

ദിവ്യകാരുണ്യ ആരാധനയോടെയാണ് തീർഥാടന പരിപാടികൾ ആരംഭിച്ചത്. പിന്നീട് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷപൂർവമായ വിശുദ്ധ കുർബാന അർപ്പിച്ചു. യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് സഹകാർമികനായിരുന്നു.

തീർഥാടനത്തിൽ സ്വിറ്റ്സർലാൻഡിലെ പ്രമുഖ കർദിനാൾ വത്തിക്കാനിലെ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റുമായിരുന്ന  കർദിനാൾ Kurt Koch, സ്വിസ് ബിഷപ്‌സ് കോൺഫറൻസിന്റെ കുടിയേറ്റ-പാസ്റ്ററൽ വിഭാഗമായ Migratio യുടെ നാഷണൽ ഡയറക്ടർ Isabel Vasquez, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ വൈദികനായ Fr. Taras Ovsianik എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ ഐൻസീഡൽ ബെനഡിക്ടിൻ ആശ്രമത്തിന്റെ അബ്ബട്ടായ Urban Federer OSB തീർഥാടകരെ സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

ദേശീയ സീറോ മലബാർ സമൂഹത്തിന്റെ നാഷണൽ കോർഡിനേറ്ററായ ഫാ. സെബാസ്റ്റ്യൻ തയ്യിൽ, മഹാതീർഥാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെയും, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനെയും, സന്നിഹിതരായ വൈദികരെയും, ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെയും, വിശിഷ്ടാതിഥികളെയും, വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസിസമൂഹത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. സഭൈക്യത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ പ്രാധാന്യം അദേഹം തന്റെ സ്വാഗത പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

തുടർന്ന് പാസ്റ്ററൽ കോർഡിനേറ്ററായ ഫാ. തോമസ് പ്ലാപ്പിള്ളിൽ MST മഹാതീർഥാടനം വിജയകരമാക്കുന്നതിനായി പ്രവർത്തിച്ച എല്ലാ വൈദികർക്കും, സിസ്റ്റേഴ്സിനും, വിവിധ കമ്മിറ്റികളിലെ അംഗങ്ങൾക്കും, മറ്റു എല്ലാ പ്രവർത്തകർക്കും, ഗായകസംഘാംഗങ്ങൾക്കും, ലിറ്റർജി ശുശ്രൂഷകർക്കും, സന്നദ്ധസേവകർക്കും, വിശ്വാസിസമൂഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഈ മഹാതീർഥാടനത്തിന്റെ ആസൂത്രണം മുതൽ സമാപനം വരെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് ഫാ. സെബാസ്റ്റ്യൻ തയ്യിലും ഫാ. തോമസ് പ്ലാപ്പിള്ളിൽ MSTയുമായിരുന്നു. വിവിധ കമ്മിറ്റികളെയും പ്രവർത്തകരെയും ഏകോപിപ്പിച്ച്, എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ ഇരുവരും വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു.

അവരുടെ അക്ഷീണമായ പരിശ്രമവും സമർപ്പിത നേതൃത്വവും ഫലപ്രദമായ ഏകോപനവുമാണ് ഈ മഹാതീർഥാടനത്തെ ഭംഗിയാർന്നതും അനുഗ്രഹീതവും വിജയകരവുമായ ആത്മീയ സംഗമമാക്കി മാറ്റിയത്. ഈ മഹാവിജയത്തിന് പിന്നിലെ അവരുടെ സേവനവും നേതൃത്വവും വിശ്വാസിസമൂഹം നന്ദിയോടെയും ആദരവോടെയും പ്രത്യേകം അനുസ്മരിച്ചു.

തീർഥാടനത്തിൽ യൂറോപ്പിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്റർ ജനറലായ ഫാ. ക്ലെമന്റ് ചിറയത്ത് പടത്തിപ്പറമ്പിൽ സന്നിഹിതനായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസിസമൂഹങ്ങളുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യവും തീർഥാടനത്തിന് പ്രത്യേക പ്രാധാന്യം നൽകി.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികരുടെയും, അതുപോലെ സ്വിറ്റ്സർലാൻഡിലെ വിവിധ കാന്റണുകളിൽ സേവനമനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യവും നേതൃത്വവും ഈ മഹാതീർഥാടനത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇവരുടെ സജീവമായ സാന്നിധ്യവും ആത്മീയ നേതൃത്വവും തീർഥാടകർക്ക് വലിയൊരു ആത്മീയ അനുഭവമായി മാറി.

“ഓരോ പ്രവാസിയും മിഷനറിയാണ്”

വിശുദ്ധ കുർബാനയെ തുടർന്നുള്ള വചനസന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ പ്രവാസ ജീവിതത്തിന്റെ ആത്മീയ ദൗത്യത്തെക്കുറിച്ച് ശക്തമായി ഓർമ്മിപ്പിച്ചു.

“ഓരോ പ്രവാസിയും മിഷനറിയാണ്. നാം ജീവിക്കുന്ന രാജ്യങ്ങളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കുടുംബങ്ങളിലും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനുള്ള പ്രത്യേക വിളിയാണ് പ്രവാസ ജീവിതം. വിശ്വാസവും കുടുംബമൂല്യങ്ങളും സഭാപാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് സുവിശേഷത്തിന്റെ സാക്ഷികളായി ജീവിക്കേണ്ട ഉത്തരവാദിത്വം ഓരോ പ്രവാസി വിശ്വാസിക്കുമുണ്ട്,” അദ്ദേഹം പറഞ്ഞു.

പരിശുദ്ധ മറിയത്തിന്റെ സന്ദർശന സന്ദേശം വിശദീകരിച്ച അദ്ദേഹം, മറിയം തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിച്ചതുപോലെ മറ്റുള്ളവർക്കു നന്മ ചെയ്യുവാനും ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള വിശുദ്ധമായ തിടുക്കം വിശ്വാസികളുടെ ജീവിതത്തിലും ഉണ്ടായിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.

“നാം ജീവിക്കുന്ന സമൂഹങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹവും സാന്നിധ്യവും പ്രതിഫലിപ്പിക്കുന്ന ജീവിതമാണ് യഥാർത്ഥ സുവിശേഷപ്രഘോഷണം. ഓരോ സീറോ മലബാർ സഭാംഗവും ക്രിസ്തുവിന്റെ സാക്ഷിയും മിഷനറിയുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് പ്രത്യേക ആദരം

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഈ വർഷം വിവിധ മിഷനുകളിലും ഇടവകകളിലും നിന്ന് ആദ്യകുർബാന സ്വീകരിച്ച കുട്ടികളെ പ്രത്യേകം ആദരിച്ചു. വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഒരുമിച്ച് എത്തിയ കുട്ടികൾ ആലപിച്ച ഭക്തിഗാനം തീർഥാടകരുടെ ഹൃദയങ്ങളെ സ്പർശിച്ചു. കുട്ടികളുടെ ശബ്ദത്തിൽ മുഴങ്ങിയ വിശ്വാസത്തിന്റെ ഗാനത്തിന് സന്നിഹിതരായ വിശ്വാസികൾ വലിയ കൈയടികളോടെയാണ് സ്വീകരണം നൽകിയത്.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച സുവിശേഷാധിഷ്ഠിത ടാബ്ലോയും ശ്രദ്ധേയമായി. ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങൾ ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച അവരുടെ പ്രകടനം തീർഥാടനത്തിന് പ്രത്യേക ആത്മീയ ഭംഗി പകർന്നു.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആദ്യകുർബാന സ്വീകരിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും സഭയുടെ ഭാവി പ്രത്യാശകളായി അവരെ വിശേഷിപ്പിക്കുകയും ചെയ്തു.

കുട്ടികളുടെ വിശ്വാസജീവിത വളർച്ചയ്ക്കായി മാതാപിതാക്കളും കുടുംബങ്ങളും നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും സ്നേഹോപഹാരങ്ങൾ വിതരണം ചെയ്ത് അനുഗ്രഹം നൽകി. ഈ നിമിഷം ചടങ്ങിലെ ഏറ്റവും ഹൃദയസ്പർശിയായ അനുഭവങ്ങളിലൊന്നായി മാറി.

ബ്ലാക്ക് മഡോണ ചാപ്പലിലേക്കുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം

തുടർന്ന് വിശ്വാസികൾ എല്ലാവരും ഐൻസീഡൽ ആശ്രമത്തിലെ പ്രശസ്തമായ ബ്ലാക്ക് മഡോണ (Black Madonna) ചാപ്പലിലേക്ക് ഭക്തിപൂർവം നീങ്ങി. മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിൽ ഒരുമിച്ചുകൂടി “എത്രയും ദയയുള്ള മാതാവേ” എന്ന പ്രാർത്ഥന ഭക്തിനിർഭരമായി ചൊല്ലി.

പ്രാർത്ഥനയ്ക്ക് മുമ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഈ പ്രാർത്ഥനയുടെ ആത്മീയ മഹത്വവും ചരിത്രപരമായ പ്രാധാന്യവും വിശ്വാസികൾക്ക് വിശദീകരിച്ചു. മാതാവിന്റെ മാധ്യസ്ഥം തേടി തലമുറകളായി വിശ്വാസികൾ ചൊല്ലിവരുന്ന ഈ പ്രാർത്ഥന ദൈവമാതാവിലുള്ള വിശ്വാസത്തിന്റെയും മധ്യസ്ഥതയുടെയും ശക്തമായ പ്രകടനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഐൻസീഡൽ ആശ്രമ ദേവാലയത്തിന്റെയും ആശ്രമ സമുച്ചയത്തിന്റെയും മുൻവശത്തുകൂടി ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. മരിയൻ ഗാനങ്ങളും പ്രാർത്ഥനകളും മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷിണം തീർഥാടനത്തിന്റെ ഏറ്റവും മനോഹരവും ആത്മീയത നിറഞ്ഞതുമായ നിമിഷങ്ങളിലൊന്നായി മാറി.

ഇടയന്മാരോടൊപ്പം വിശ്വാസിസമൂഹം

തുടർന്ന് നടന്ന സ്നേഹവിരുന്നും ജനസമ്പർക്കവും തീർഥാടകർക്ക് വേറിട്ടൊരു അനുഭവമായി. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും മാർ സ്റ്റീഫൻ ചിറപ്പണത്തും മറ്റ് അതിഥികളും വിശ്വാസികൾക്കിടയിൽ സമയം ചെലവഴിക്കുകയും കുടുംബങ്ങളുമായി സംവദിക്കുകയും ചെയ്തു.

മുതിർന്നവരും കുട്ടികളുമടങ്ങുന്ന വലിയൊരു ജനസമൂഹവുമായി അവർ ദീർഘനേരം സംസാരിക്കുകയും വിശ്വാസികളുടെ വിശേഷങ്ങൾ കേൾക്കുകയും ചെയ്തു. സഭയുടെ നേതൃത്വവുമായി നേരിട്ട് സംവദിക്കാനും അനുഗ്രഹം തേടാനും ലഭിച്ച അവസരം പ്രവാസി മലയാളി സമൂഹം വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

യൂത്ത് അവേക്കനിംഗ് ഫ്ലയർ പ്രകാശനം ചെയ്തു; 2027 ലെ സ്വിറ്റ്സർലൻഡ് തീർത്ഥാടനം മേയ് 30 ന് ക്ലോസ്റ്റർ ഐൻസീഡ്ലനിൽ

"സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ജൂലൈ രണ്ട് മുതൽ അഞ്ച് വരെ സംഘടിപ്പിക്കുന്ന ഏറെ ശ്രദ്ധേയമായ 'യൂത്ത് അവേക്കനിംഗ്' പ്രോഗ്രാമിന്റെ ഔദ്യോഗിക ഫ്ലയർ പ്രകാശനം ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. ഇതോടൊപ്പം, അടുത്ത വർഷത്തെ (2027) സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് തീർത്ഥാടനം 2027 മേയ് 30 ഞായറാഴ്ച വീണ്ടും ഇതേ സ്ഥലത്ത്, അതായത് പ്രശസ്തമായ ക്ലോസ്റ്റർ ഐൻസീഡ്ലനിൽ വെച്ച് തന്നെ ആയിരിക്കുമെന്ന് ബഹുമാനപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. യുവജന കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഫ്ലയർ പ്രകാശനത്തോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്."

ശ്രദ്ധേയമായ നേതൃത്വവും ആത്മീയ ഐക്യവും

സമാപന സന്ദേശത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, മഹാതീർഥാടനം വിജയകരമാക്കുന്നതിനായി ആത്മാർത്ഥമായി സേവനം അനുഷ്ഠിച്ച വൈദികരെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെയും, വിവിധ മാസ് സെന്ററുകളിലെ വിശ്വാസിസമൂഹത്തെയും, ഗായകസംഘാംഗങ്ങളെയും, ലിറ്റർജി ശുശ്രൂഷകരെയും, ഭക്ഷണ വിതരണവും മറ്റ് ക്രമീകരണങ്ങളും നിർവഹിച്ച സംഘങ്ങളെയും, സന്നദ്ധസേവകരെയും, ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായി വിവിധ മേഖലകളിൽ സഹകരിച്ച എല്ലാ വിശ്വാസികളെയും നന്ദിയോടെ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും സമർപ്പണബോധവും പ്രാർത്ഥനാപിന്തുണയുമാണ് ഈ മഹാതീർഥാടനത്തെ അനുഗ്രഹീതവും മാതൃകാപരവുമായ ആത്മീയ സംഗമമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ ആത്മീയ അനുഭവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.