സ്‌പെയിനിൽ ചരിത്രപരമായ അപ്പസ്‌തോലിക സന്ദർശനവുമായി ലിയോ മാർപാപ്പ; ഊഷ്മള വരവേൽപ്പ്

സ്‌പെയിനിൽ ചരിത്രപരമായ അപ്പസ്‌തോലിക സന്ദർശനവുമായി ലിയോ മാർപാപ്പ; ഊഷ്മള വരവേൽപ്പ്

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദർശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് മാഡ്രിഡ് വിമാനത്താവളത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം. സ്‌പെയിൻ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും ചേർന്ന് പാപ്പയെ സ്വീകരിച്ചു.

ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകളോടെയാണ് സ്പെയിൻ മാർപാപ്പയെ വരവേറ്റത്. 2011 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ശേഷം പതിനഞ്ച് വർഷങ്ങൾക്കിപ്പുറമാണ് ഒരു മാർപാപ്പ സ്‌പെയിൻ സന്ദർശിക്കുന്നത് എന്നത് ഈ യാത്രയ്ക്ക് ചരിത്രപരമായ പ്രാധാന്യം നൽകുന്നു.

ജൂൺ ആറ് മുതൽ 11 വരെ നടക്കുന്ന സന്ദർശനത്തിൽ പാപ്പ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഈ കാലയളവിൽ നാല് വിശുദ്ധ കുർബാനകൾക്ക് കാർമ്മികത്വം വഹിക്കുകയും പന്ത്രണ്ടോളം പ്രഭാഷണങ്ങൾ നൽകുകയും ചെയ്യും.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ബാഴ്സലോണയിലെ ലോകപ്രശസ്തമായ 'സാഗ്രദ ഫാമിലിയ' ബസിലിക്കയിലെ 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' ആശീർവദിക്കുന്നതാണ് സന്ദർശനത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.

മാഡ്രിഡിലെ ഭവനരഹിതരുടെ അഭയകേന്ദ്രവും ബാഴ്സലോണയിലെ ജയിലും പാപ്പ സന്ദർശിക്കും. യാത്രയുടെ അവസാന ഘട്ടത്തിൽ യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ ഇടത്താവളമായ കാനറി ദ്വീപുകളിൽ പാപ്പ എത്തും. ലാസ് പാൽമാസ്, സാന്റാ ക്രൂസ് ഡി ടെനറിഫെ എന്നിവിടങ്ങളിൽ കുർബാന അർപ്പിക്കുകയും അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്നവർക്ക് പിന്തുണയേകുകയും ചെയ്യും.

സ്‌പെയിനിലെ കത്തോലിക്കാ വിശ്വാസികൾക്ക് ആത്മീയ ഉണർവ് പകരുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും ഉയർത്തിപ്പിടിക്കുന്നതാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ ഈ അപ്പസ്‌തോലിക സന്ദർശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.