നാമനിര്‍ദേശ പത്രിക തള്ളിയ കേസ്: മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

നാമനിര്‍ദേശ പത്രിക തള്ളിയ കേസ്: മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീം കോടതി  പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നടന്നു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ കോടതിക്ക് തടസപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി മീനാക്ഷിയുടെ ഹര്‍ജി തള്ളിയത്.

ഇത്തരം പരാതികളില്‍ ചിലര്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജികളിലൂടെ മാത്രമേ പരിഹാരം തേടാന്‍ സാധിക്കൂ എന്നും അതിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നാമനിര്‍ദേശ പത്രിക തള്ളിയ കേസില്‍ സുപ്രീം കോടതി ഇതുവരെ ഇടപെട്ട ഏതെങ്കിലും ഒരു സാഹചര്യം ചൂണ്ടിക്കാണിക്കാന്‍ മീനാക്ഷിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കൈകാര്യം ചെയ്യേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

നിലവിലുള്ള ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്നാരോപിച്ചാണ് വരണാധികാരി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അത് വെളിപ്പെടുത്തേണ്ടതില്ലെന്ന് മീനാക്ഷിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു.

തിരഞ്ഞെടുപ്പ് തടസപ്പെടുത്താനല്ല, മറിച്ച് സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും അഭിഷേക് സിങ്വി വാദിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികളിലെ ജുഡീഷ്യല്‍ ഇടപെടല്‍ തടയുന്ന പൊന്നുസ്വാമി വിധിയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

പത്രിക തള്ളിയതിനെതിരെ ജൂണ്‍ പത്തിന് മീനാക്ഷി നടരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് തന്റെ വാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂലമായ ഉത്തരവുകള്‍ ഒന്നും ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ബന്ധപ്പെട്ട ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാന്‍ മീനാക്ഷി നടരാജന് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കായിരുന്നു മീനാക്ഷി നടരാജന്‍ മത്സരിക്കാനിരുന്നത്. പത്രിക തള്ളപ്പെട്ടതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.