'പൂരാന്റെ പൂര'ത്തിനും സൺറൈസേഴ്സിന്റെ വിജയം തടയാനായില്ല. കിങ്സ് ഇലവന് എതിരെ 69 റൺസ് വിജയം

'പൂരാന്റെ പൂര'ത്തിനും സൺറൈസേഴ്സിന്റെ  വിജയം തടയാനായില്ല. കിങ്സ് ഇലവന്  എതിരെ 69 റൺസ് വിജയം

ദുബായ്: കിങ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 69 റൺസിന്റെ തകർപ്പൻ വിജയം. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 132 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. ബെയർസ്റ്റോ ആണ് മാൻ ഓഫ് ദി മാച്ച്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 11-ൽ നിൽക്കെ ഓപ്പണർ മായങ്ക് അഗർവാൾ റൺ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീൽ അഹമ്മദ് പുറത്താക്കി.

പിന്നീട് ഒത്തുചേർന്ന നായകൻ രാഹുലും നിക്കോളാസ് പൂരനും ചേർന്ന് ഇന്നിങ്സ് കരകയറ്റുന്നതിനിടെ രാഹുലിനെ നഷ്ടമായി. അഭിഷേക് ശർമയാണ് രാഹുലിനെ പുറത്താക്കിയത്.

17 പന്തുകളിൽ നിന്നും അർധ സെഞ്ചുറി പൂർത്തിയാക്കിയ പൂരൻ ഈ സീസണിൽ അതിവേഗത്തിൽ അർധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ ഐ.പി.എൽ അർധ ശതകമാണിത്. സമദ് എറിഞ്ഞ ഒൻപതാം ഓവറിൽ 28 റൺസാണ് പൂരൻ അടിച്ചെടുത്തത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴത്തി സൺറൈസേഴ്സ് ബൗളർമാർ പഞ്ചാബിനെ വരിഞ്ഞുമുറുക്കി. 77 (37 പന്തിൽ 7 സിക്സ് അടക്കം) റൺസെടുത്ത നിക്കോളാസ് പൂരൻ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്. മറ്റ് ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി. പൂരന്റെ ഒറ്റയാൾ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ്‌ ഖാൻ ബൗളിങ്ങിൽ മികച്ചു നിന്നു. ഖലീൽ അഹമ്മദും നടരാജനും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അഭിഷേക് ശർമ 1 വിക്കറ്റ് വീഴ്ത്തി. രണ്ടുപേർ റൺ ഔട്ട്‌ ആയി. 

നേരത്തെ, ആദ്യം ബാറ്റുചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ആറുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. വമ്ബന്‍ പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്‌സിന് സ്കോര്‍ സമ്മാനിച്ചത് . ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി. ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്സ് നേടുന്ന ഏറ്റവും വലിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് പിറന്നത്.

ജോണി ബെയര്‍സ്‌റ്റോ 55 പന്തില്‍ നിന്നും 97 റണ്‍സും വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി. ഒരു ഘട്ടത്തില്‍ സ്കോര്‍ ബോര്‍ഡ് 250 കടക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ് 201 റണ്‍സിലേക്ക് സണ്‍റൈസേഴ്‌സ് ഒതുങ്ങിയത് പഞ്ചാബിനായി ബിഷ്‌ണോയിയും (3 വിക്കറ്റ്) അര്‍ഷ്ദീപും 2 വിക്കറ്റ്) മികച്ച പ്രകടനം കാഴ്ചവെച്ചു.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാര്‍ പഞ്ചാബിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. പഞ്ചാബിന്റെ ക്യാപ്റ്റന്‍ രാഹുല്‍ ബൗളിങ്ങില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവന്നെങ്കിലും അതെല്ലാം മറികടന്ന് സണ്‍റൈസേഴ്‌സ് അടിച്ചുതകര്‍ക്കുകയായിരുന്നു. 

നേരത്തെ ബെയര്‍സ്റ്റോയെ പുറത്താക്കാനുളള അവസരം പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ പാഴാക്കി. പഞ്ചാബിന്റെ ഫീല്‍ഡിങ്ങില്‍ നിരവധി പിഴവുകള്‍ വന്നു. ഐ.പി.എല്ലിൽ വാർണർ നേടുന്ന 50-ാം അർധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാർണർ. അതോടൊപ്പം ട്വന്റി 20 യിൽ 9500 റൺസ് നേടുന്ന താരം എന്ന നേട്ടവും വാർണർ സ്വന്തമാക്കി. കിങ്സ് ഇലവനെതിരെ വിവിധ മത്സരങ്ങളിൽ നിന്നുമായി ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാർണർ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.