കാലത്തിനു മുമ്പേ സഞ്ചരിച്ച ബഷീര്‍

 കാലത്തിനു മുമ്പേ സഞ്ചരിച്ച ബഷീര്‍

ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മ ദിവസമാണിന്ന്. 1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരില്‍ അന്ത്യശ്വാസം വലിച്ചു.

വാസ്തവത്തില്‍ ബഷീറിന്റെ പ്രായം ബഷീറിന് തന്നെ അറിയില്ല. തന്നെ കണ്ട് ആരെങ്കിലും പ്രായം ചോദിച്ചാല്‍ തിരിച്ച് അവരോട് തന്നെ ഊഹിച്ചു പറയുവാന്‍ ബഷീര്‍ ആവശ്യപ്പെടും. അവറൊരക്കം പറഞ്ഞാല്‍ അഞ്ച് വയസ് മേല്‍പ്പോട്ടോ കീഴ്‌പ്പോട്ടോ അദേഹം മനസില്‍ കരുതും, അത്രതന്നെ. ഉപ്പ മക്കളുടെ ജാതകം എഴുതിവെച്ചിരുന്നെങ്കിലും ഉപ്പയുടെ മരണശേഷം ബഷീറിന്റെ അനുജന്‍ അത് കത്തിച്ചു കളഞ്ഞതായാണ് കരുതപ്പെടുന്നത്.

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ തിക്കോടിയനാണ് (പി കുഞ്ഞനന്തന്‍ നായര്‍) ആദ്യമായി ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേര് വിശേഷണം നല്‍കി വിളിച്ചത്.

ബഷീര്‍ എന്ന വട വൃക്ഷത്തെ വിവരിക്കുവാനും മാത്രം ശക്തിയില്ലെനിക്ക്. വിസ്തൃതിയാര്‍ന്ന ആഴക്കടലില്‍ പേമാരിയെ വകവയ്ക്കാതെ കൊതുമ്പു വള്ളത്തില്‍ തുഴഞ്ഞ് മറുകര കടക്കാന്‍ ആശിക്കുന്ന കുട്ടിയെപ്പോലെയാണ് ഞാന്‍. അത്രമാത്രം മിഴിവുള്ള കഥകള്‍ മലയാളസാഹിത്യത്തിന് സമ്മാനിച്ച് കാലത്തിനുമുമ്പേ സഞ്ചരിച്ചിരുന്ന'നാടന്‍' സാഹിത്യകാരനായിരുന്നു ബഷീര്‍.

ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരനാണ് ബഷീറെന്നു കരുതപ്പെടുന്നു. തന്റെ ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ട് വായനക്കാരെ ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ കഥയാണ് അദേഹത്തിന്റെ പ്രമേയങ്ങളില്‍ പലതും. അക്ഷര കൂട്ടുകെട്ടില്‍ അസ്തമിക്കാത്ത സൂര്യന്‍ ആയിരുന്നു ബഷീര്‍.

കാടായിത്തീര്‍ന്ന ഒറ്റ മരത്തിന്റെ ആത്മകഥയാണ് ബഷീര്‍ സാഹിത്യമെന്ന് എം.എന്‍ വിജയന്‍ മാഷ് വിശേഷിപ്പിക്കുകയുണ്ടായി. കഥകള്‍ പറഞ്ഞ് പറഞ്ഞ് സ്വയം കഥയായി മാറിയ ഇതിഹാസമായാണ് വൈക്കം മുഹമ്മദ് ബഷീറിനെ അദേഹത്തിന്റെ ശിഷ്യനാവാന്‍ സുകൃതം ചെയ്ത എം.ടി വാസുദേവന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. ബഷീറിനെ ഗുരു എന്നാണ് എം.ടി സംബോധന ചെയ്യുന്നത്. ബഷീര്‍ ആകട്ടെ എം.ടിയെ വാസുവെന്നും.

പ്രണയമെന്നത് കാമുകീകാമുകന്‍മാര്‍ക്ക് ഇടയിലെ അനുരാഗം മാത്രമല്ല, വീട്ടിലെ ആടും പൂച്ചകളും പറമ്പിലെ മാവും പ്ലാവും പുല്‍ച്ചാടിയും ആകാശത്തെ നക്ഷത്രങ്ങളും വരെ ഉള്‍ക്കൊള്ളുന്ന ആ സ്‌നേഹച്ചങ്ങലയാണെന്ന് ബഷീര്‍ പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഭൂമിയെയും പ്രകൃതിയെയും പ്രകൃതി ജീവജാലങ്ങളെയും സ്‌നേഹിച്ചിരുന്ന ബഷീര്‍ ഒരുപക്ഷേ മനുഷ്യരോട് സംസാരിക്കുന്നതിലും കൂടുതല്‍ പൂച്ചയോടും അണ്ണാനോടും കോഴിയോടും, പല്ലിയോടും പഴുതാരയോടും മറ്റുമായിരിക്കും സംസാരിച്ചത്. എന്തിന് നീല വെളിച്ചം (പിന്നീട് ഭാര്‍ഗവീനിലയം എന്ന സിനിമയുണ്ടായി) എന്ന കഥയില്‍ ബഷീര്‍ യക്ഷിയോട് പോലും സംസാരിക്കുന്നുണ്ട്. ഭൂമിയെ ചെരിപ്പിട്ട് ചവിട്ടുന്നത് പാതകമാണ്, ഭൂമിയിലുള്ള എല്ലാ ചരങ്ങളും മനുഷ്യന് തുല്യമായ അവകാശമാണ്, ഇതാണ് ബഷീറിന്റെ ഭാഷ്യം.

ബഷീറിന്റെ ഉത്തരേന്ത്യന്‍ വാസത്തിനിടയില്‍ പ്രാകൃതമായ ഒരു സ്ഥലത്ത് വെച്ച് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുവാന്‍ ഒരു ചായക്കടയില്‍ കയറുകയുണ്ടായി. ഭക്ഷണത്തിന് ശേഷം പണം കൊടുക്കുവാന്‍ പോക്കറ്റില്‍ കയ്യിടവേ പേഴ്‌സ് കളഞ്ഞ് പോയ സത്യം അദേഹം തിരിച്ചറിഞ്ഞു. സത്യം കടക്കാരനെ അറിയിച്ചപ്പോള്‍ ഇതൊക്കെ ഒരുപാട് കേട്ടിട്ടുണ്ടെന്നും പണം തന്നിട്ട് പോയാല്‍ മതിയെന്നും കടക്കാരന്റെ മറുപടി. തട്ടിപ്പാണെന്ന് കടക്കാരന്‍ പൂര്‍ണമായി വിശ്വസിച്ചു. വസ്ത്രം ഊരാന്‍ ആജ്ഞാപിച്ചതിനെതുടര്‍ന്ന് പാന്റും കോട്ടുമൂരിയപ്പോഴും പണമില്ലെന്ന് കണ്ടപ്പോള്‍ അടിവസ്ത്രം കൂടി ഊരണം എന്ന് നിര്‍ബന്ധം.

അപമാനിക്കപ്പെട്ടുവെന്ന ബോധ്യത്തില്‍ കടക്കാരനോട് യാചിച്ച് ശങ്കിച്ചു നിന്നപ്പോള്‍ പുറത്തുനിന്നും ഒരജാനുബാഹു കടന്നുവന്ന് എത്രയാണ് ഇയാള്‍ തരാനുള്ള പൈസയെന്ന് ചോദിച്ചറിഞ്ഞ് കടക്കാരന്റെ പണം അയാള്‍ കൊടുത്തു. തുടര്‍ന്ന് ബഷീറിനെ കൂട്ടി പുറത്തിറങ്ങി, അയാളുടെ കോട്ടില്‍ നിന്നും കുറെ പേഴ്‌സുകള്‍ കാണിച്ച് 'ഇതില്‍ ഏതാണ് തന്റെ പേഴ്‌സെന്ന് തിരിച്ചറിഞ്ഞ് എടുത്തുകൊള്ളുവാന്‍' അയാള്‍ ദാക്ഷിണ്യം കാണിച്ചു. ബഷീര്‍ തന്റെ പേഴ്‌സ് തിരിച്ചറിഞ്ഞ് അയാളില്‍ നിന്നും തിരികെ എടുത്തു. ഇതിനോടകം ആ വലിയ മനുഷ്യന്‍ അപ്രത്യക്ഷനായി. പോക്കറ്റടിക്കാരനാണെങ്കിലും ആ അജാനുബാഹുവിന്റെ പ്രവൃത്തിയെ എന്ത് വിളിക്കണമെന്ന് ബഷീര്‍ ആലോചിക്കുകയായി. ദയ, അലിവ് എന്നൊക്കെ വിളിക്കാം. ആപത്തില്‍പ്പെട്ടവനെ സഹായിച്ചവനായി ബഷീര്‍ അയാളെ രേഖപ്പെടുത്തി. ഈ കഥയാണ് ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന ചെറുകഥ.

നിരവധി ചെറു കഥകളും നോവലുകളും അദേഹത്തിന്റെ മാന്ത്രിക തൂലികയില്‍ ജന്മമെടുത്തു. ഒരുപാട് പേര്‍ കണ്ണുനീര്‍ വീഴ്ത്തിയ ദുരന്ത കഥയായ ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട്, മതിലുകള്‍, പ്രേമലേഖനം എന്നീ കൃതികള്‍ മറ്റുള്ളവയില്‍ നിന്നും ഒരു പടി ഉയരത്തില്‍ നില്‍ക്കുന്നു. ബഷീറിന്റെ പ്രശസ്തി നേടിയ നാടന്‍ പ്രയോഗമാണ് 'ഒന്നും ഒന്നും ഒരു ഉമ്മിണി വലിയ ഒന്ന്'. ബഷീറിന്റെ കഥകള്‍ വായിച്ചു കഴിഞ്ഞാല്‍ നമ്മുക്ക് മനസിലാവും അത് ഉമ്മിണി അല്ല അതൊരു വലിയ ഒന്നാണെന്ന്.
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്

മുസ്ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധ വിശ്വാസങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരിക എന്നതായിരുന്നു ഈ നോവലിലൂടെ ബഷീര്‍ ഉന്നം വെച്ചത്. പഴയകാലത്തെ പ്രതാപം വീമ്പിളക്കുന്നവരെ പരിഹസിക്കുന്നതിനാണ് ഈ നോവലിന് ആ പേര് ചാര്‍ത്തിയത്. ആനയുണ്ടായിരുന്ന തറവാട്ടില്‍ പട്ടിണി കിടക്കുന്ന ഉമ്മയെ നോക്കി അത് കുഴിയാന ആയിരുന്നു എന്ന് പറഞ്ഞ് കളിയാക്കുന്ന മകള്‍ പാത്തുമ്മയെയും ഈ നോവലില്‍ കാണാം. നിഷ്‌കളങ്കയും പഠിത്തവും ഇല്ലായിരുന്ന പാത്തുമ്മ പുരോഗമനവാദിയും വിദ്യാസമ്പന്നനുമായ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്നതും നിരക്ഷരത അന്ധവിശ്വാസങ്ങള്‍ തഴച്ചു വളരുവാന്‍ സഹായിക്കുമെന്നും വിദ്യാഭ്യാസം അതിന് തടയിടാന്‍ ശക്തി പകരുമെന്നും ബഷീര്‍ ഊന്നിപ്പറയുന്നു.

1942 ല്‍ സ്വാതന്ത്ര്യ സമരക്കാലത്ത് രണ്ടരക്കൊല്ലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഠിന തടവിലായിരുന്നു ബഷീര്‍. തടവുകാര്‍ക്ക് വായിക്കാന്‍ വേണ്ടി ജയിലധികൃതരുടെ ആവശ്യ പ്രകാരം എഴുതിയ നോവലാണ് പ്രേമലേഖനം. എഴുത്തിനപ്പുറത്ത് രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ ബഷീറിന് മറ്റൊരു ജീവിതമുണ്ടായിരുന്നു. വൈക്കം സത്യാഗ്രഹ വേളയില്‍ മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ചത് അദേഹത്തിന്റെ രാഷ്ട്രീയ ചിന്താഗതിയിലെ വഴിത്തിരിവായിരുന്നു.

ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ ബഷീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. അതേതുടര്‍ന്ന് 1930 ലെ ഉപ്പ് സത്യാഗ്രഹത്തില്‍ ബഷീര്‍ പങ്കെടുത്തു. അതിന്റെ പേരില്‍ അദേഹം അറസ്റ്റ് വരിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടു. ജയില്‍വാസക്കാലത്തെ ക്രൂരമര്‍ദനം അദേഹം പിന്നീട് വിവരിക്കുകയുണ്ടായി. ഗാന്ധിജിയുമായുള്ള ബന്ധം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ള ചിന്ത ബഷീറിന്റെ മനസില്‍ ഉദ്ദീപിപ്പിച്ചു. ഗാന്ധിജിയെ 'ഞാന്‍ തൊട്ടു' എന്ന് ആത്മാഭിമാനത്തോടെ ബഷീര്‍ പറയുകയുണ്ടായി. ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന ഭഗത് സിങ് മാതൃകയില്‍ മട്ടാഞ്ചേരിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇതേത്തുടര്‍ന്ന് വന്ന അറസ്റ്റ് വാറിന്റിനെ പ്രതിരോധിക്കാന്‍ ബഷീര്‍ ബോംബെയിലേക്കും പിന്നീട് ഉത്തരേന്ത്യയിലും പാലായനം ചെയ്തു. വര്‍ഷങ്ങളോളം ഉത്തരേന്ത്യയില്‍ കഴിഞ്ഞ ബഷീര്‍ അവിടുത്തെ ഹിന്ദു സന്യാസിമാര്‍ക്കൊപ്പവും സൂഫിമാര്‍ക്കൊപ്പവും കഴിഞ്ഞു കൂടി. ഇതിനിടയില്‍ ജീവിത മാര്‍ഗത്തിന് പാചകക്കാരനായും മാജിക്കുകാരന്റെ സഹായി ഉള്‍പ്പെടെ പലതരം ജോലികള്‍ ചെയ്തു ജീവിച്ചു. വിദേശത്ത് അറബ് രാജ്യങ്ങളിലും ആഫ്രിക്കയിലും അദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ബഷീറിന്റെ ജീവിത കാലത്ത് പാവപ്പെട്ടവന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ചേരികളിലെ ജീവിതങ്ങളും പകല്‍ സത്യം പോലെ കണ്ടും കേട്ടുമറിയുവാന്‍ നിമിത്തമായി. ഈ ജീവിത സത്യങ്ങള്‍ അദേഹത്തിന്റെ കൃതികളിലും അലയടിച്ചിട്ടുണ്ട്.
മലയാളികള്‍ ഉള്ളടത്തോളം കാലം തലമുറ തലമുറയായി ബഷീറിനെ വായിക്കും. അങ്ങനെ മലയാള നാട്ടില്‍ മരണമില്ലാത്ത സുല്‍ത്താനായി ബഷീര്‍ വാഴുമെന്ന് തീര്‍ച്ച.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.