പ്രാദേശിക രോഷം കുറയുന്നില്ല; കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിച്ചേക്കും: തീരുമാനം ഉടന്‍

പ്രാദേശിക രോഷം കുറയുന്നില്ല; കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിച്ചേക്കും: തീരുമാനം ഉടന്‍

കോഴിക്കോട്: പ്രാദേശിക രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തിരിച്ചെടുക്കാന്‍ സിപിഎം ആലോചന. ഇതു സംബന്ധിച്ച് മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. വൈകാതെ ഈ വിഷയത്തില്‍ തീരുമാനം ഉണ്ടായേക്കും. മണ്ഡലത്തില്‍ കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കില്ലെന്നാണ് വിവരം. പകരം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം.

സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നാളെ രാവിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ചര്‍ച്ച നടത്തിയത്.

മുഹമ്മദ് ഇക്ബാലിന് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനത്തിലൊന്ന് നല്‍കാമെന്ന വ്യവസ്ഥയിലാണ് അനുനയ നീക്കം. തിരുവമ്പാടി സീറ്റ് പകരം കേരള കോണ്‍ഗ്രസിന് നല്‍കില്ല. ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരാണ് പരിഗണനാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും ഫലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.