ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി കർശന നടപടികൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച ഹർജി ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പ്രാർഥനായോഗങ്ങൾക്കും പള്ളികൾക്കും നേരെ ഉണ്ടാകുന്ന തുടർച്ചയായ ഭീഷണികളും അക്രമങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നതായി ഹർജിക്കാർ വ്യക്തമാക്കുന്നു.
മതംമാറ്റം ആരോപിച്ചാണ് സമാധാനപരമായ പ്രാർഥനായോഗങ്ങൾ പലയിടത്തും അക്രമികൾ തടസ്സപ്പെടുത്തുന്നത്. 2022-23 കാലയളവിൽ ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലുണ്ടായ അക്രമങ്ങളെത്തുടർന്ന് നിരവധി ക്രൈസ്തവ കുടുംബങ്ങൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന സാഹചര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2025 ൽ മാത്രം എണ്ണൂറിലധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2026 ന്റെ ആദ്യ ആറു മാസങ്ങളിൽ 285 സംഭവങ്ങൾ നടന്നു കഴിഞ്ഞു. ഈ കണക്കുകൾ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് ഹർജിക്കാർ വാദിക്കുന്നു.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കേസ് കൂടുതൽ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്നുള്ള വാദം കേൾക്കൽ 2026 ഓഗസ്റ്റ് 21 ലേക്ക് മാറ്റിവച്ചു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ കർശന നടപടികൾ വേണമെന്ന ആവശ്യമാണ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.