ഉക്രെയ്ന്‍ തീരത്ത് കപ്പലാക്രമണം: ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ

ഉക്രെയ്ന്‍ തീരത്ത് കപ്പലാക്രമണം: ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി  അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയിലെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

വാണിജ്യ കപ്പലുകളെയും സിവിലിയന്‍ ക്രൂ അംഗങ്ങളെയും ലക്ഷ്യമിടുന്നതും അന്താരാഷ്ട്ര വ്യാപാരത്തെയും സമുദ്രത്തിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തെയും തടസപ്പെടുത്തുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഉക്രെയ്‌നിലെ ഇന്ത്യന്‍ മിഷന്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉക്രെയ്‌നിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട 'എം.വി ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലിന് നേരെ ഞായറാഴ്ചയാണ് മിസൈലാക്രമണമുണ്ടായത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് ഇന്ത്യന്‍ പൗരന്മാരില്‍ നാല് പേരും കൊല്ലപ്പെടുകയും ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.

കൊലപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അഖില്‍ ജോയാനും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എട്ട് പേരെ ഉക്രെയ്ന്‍ സേന രക്ഷിച്ചു.

നേരത്തേ ഹുര്‍മുസിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഹുര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ പുതുതായി നിയമിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിറ്റൈം അഡ്മിനിസ്‌ട്രേഷന്‍ കപ്പല്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉക്രെയ്ന്‍ തീരത്തുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ ഉനത്യന്‍ നാവികരടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.