ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ലയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി.
എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നിലപാട് കടുപ്പിച്ചു. മന്ത്രി രാജി വയ്ക്കാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സമരം തലസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ഇതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രാവിലെ പിരിഞ്ഞ ശേഷം ഉച്ചയോടെ വീണ്ടും ചേര്‍ന്ന ലോക് സഭയില്‍ സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. എല്ലാ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തി ചര്‍ച്ചക്കുള്ള സമയവും ദൈര്‍ഘ്യവും നിശ്ചയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അനാവശ്യ ബഹളമുണ്ടാക്കി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനാല്‍ ചര്‍ച്ച നടക്കാതെ പോയതാണെന്നും മന്ത്രി വിശദീകരിച്ചു. ചര്‍ച്ചയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകള്‍ നിരന്തരം തള്ളിയിരുന്ന സ്പീക്കര്‍ ഓംബിര്‍ലയും പ്രതിപക്ഷത്ത പഴിചാരി.
സര്‍ക്കാര്‍ ചര്‍ച്ച പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കെ.സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ലാത്തി ചാര്‍ജിനെ രൂക്ഷഭാഷയില്‍ അപലപിച്ച അഖിലേഷ് യാദവ്, മന്ത്രി രാജി വച്ചില്ലെങ്കില്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി.
അതേ സമയം പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് ദോഹോപദ്രവം ഏല്‍പിച്ചതില്‍ കറുത്ത വസ്ത്രമണിഞ്ഞാണ് രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. പാര്‍ലമെന്റ് വളപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കുകയും ചെയ്തു.
അതിനിടെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് സിജെപി തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സിജെപി. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമര വേദിയിലെത്തി. പാര്‍ലമെന്റ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്തവരെ ഡല്‍ഹി പൊലീസ് വിട്ടയച്ചതായി സിജെപി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.