ലക്‌നൗ: ഡല്‍ഹി ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജെന്‍സി തലമുറ തെരുവിലിറങ്ങി നടത്തിയ വന്‍ പ്രതിഷേധങ്ങള്‍ക്ക് തൊട്ടുപിന്നാലെ, കുരുന്നുകളായ 'ജെന്‍ ആല്‍ഫ' തലമുറയും തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തേക്ക്. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ സ്‌കൂളിലാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് റോഡില്‍ ഉപരോധ സമരം നടത്തിയത്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ ചിത്രം കൈകളിലേന്തിയാണ് കുട്ടിപ്പട്ടാളം തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
രാവിലെ ഏഴിന് സ്‌കൂള്‍ ഗേറ്റ് തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു വിദ്യാര്‍ഥികളുടെ അപ്രതീക്ഷിത സമരം ആരംഭിച്ചത്. കനത്ത ചൂടില്‍ ക്ലാസ് മുറികളില്‍ ആവശ്യത്തിന് ഫാനുകള്‍ സ്ഥാപിക്കുക, കുടിവെള്ളത്തിനായി വാട്ടര്‍ കൂളറുകള്‍ ലഭ്യമാക്കുക, ഉച്ചഭക്ഷണ മെനുവില്‍ നിര്‍ദേശിച്ചിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് സംഘം വിദ്യാര്‍ഥികളോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കുരുന്നുകള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം രാജ്യശ്രദ്ധ നേടി. പൊലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ ഉറച്ച നിലപാടെടുത്ത കുട്ടികളുടെ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി മാറി.
ഒടുവില്‍ സമരം ശക്തമായതോടെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും 24 മണിക്കൂറിനകം പരിഹരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചതായി പ്രിന്‍സിപ്പല്‍ എല്‍.ബി സിങ് സ്ഥിരീകരിച്ചു. ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചെങ്കിലും ചൊവ്വാഴ്ച സ്‌കൂളിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.