ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സാംസ്‌കാരിക അധിനിവേശവും വന്‍തോതിലുള്ള സൈനിക നിര്‍മാണങ്ങളും സമന്വയിപ്പിച്ച് ചൈന നീക്കങ്ങള്‍ ശക്തമാക്കുന്നു. ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമത സ്വത്വം പൂര്‍ണമായും ഇല്ലാതാക്കുന്നതിനൊപ്പം യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്നേറ്റശേഷി കൂട്ടാനുമാണ് ചൈന ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ചൈനയുടെ ഈ ഇരട്ട തന്ത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ടിബറ്റന്‍ വംശജരുടെ പവിത്ര ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് വിനോദ സഞ്ചാരത്തിന്റെയും വികസനത്തിന്റെയും പേരില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചൈനീസ് ഭരണകൂടം. ഖാം മേഖലയില്‍ നൂറുകണക്കിന് വിശ്വാസികള്‍ നിര്‍മിച്ച 99 അടി ഉയരമുള്ള പ്രശസ്തമായ ബുദ്ധ പ്രതിമ അടുത്തിടെ പൊളിച്ചുമാറ്റിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിന് പകരം റെഡ് ടൂറിസം പദ്ധതികളുടെ ഭാഗമായി ഭരണകൂട അനുകൂല പ്രചാരണത്തിനുള്ള വിനോദ കേന്ദ്രമാണ് ചൈന അവിടെ നിര്‍മിച്ചിരിക്കുന്നത്.
അതിര്‍ത്തി സുരക്ഷയില്‍ നിര്‍ണായകമായ ടിബറ്റന്‍ ഗ്രാമങ്ങളെ സൈനിക താവളങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ സൈനിക പരിശീലനം നല്‍കുകയും ലിബ എന്ന പ്രാദേശിക പട്രോളിങ് സംഘങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. മേഖലയിലെ തദ്ദേശീയ ടിബറ്റന്‍ ജനസംഖ്യാ അനുപാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഹാന്‍ വംശജരായ ചൈനക്കാരെ അതിര്‍ത്തി ജില്ലകളിലേക്ക് വന്‍തോതില്‍ കുടിയേറാന്‍ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സ്‌കൂളുകളില്‍ ടിബറ്റന്‍ ഭാഷയ്ക്കും പാരമ്പര്യ വിദ്യാഭ്യാസത്തിനും വിലക്കേര്‍പ്പെടുത്തി ചൈനീസ് ഭാഷ നിര്‍ബന്ധമാക്കുന്നതിലൂടെ പുതിയ തലമുറയെ സ്വന്തം സംസ്‌കാരത്തില്‍ നിന്ന് അകറ്റാനാണ് ചൈന ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ടിബറ്റിന് പകരം ഷിസാങ് എന്ന ചൈനീസ് നാമം വ്യാപകമാക്കാനും നീക്കമുണ്ട്. ബ്രഹ്മപുത്ര അടക്കമുള്ള പ്രധാന നദികളുടെ ഉത്ഭവകേന്ദ്രമായ ടിബറ്റന്‍ പീഠഭൂമിയില്‍ പിടിമുറുക്കുന്നത് വഴി ജലസ്രോതസുകളില്‍ മേല്‍ക്കൈ നേടാനും അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കാനും ചൈനയ്ക്ക് സാധിക്കും.
ചൈനയുടെ വികസന നീക്കങ്ങളെയും അതിര്‍ത്തിയിലെ സൈനിക മാറ്റങ്ങളെയും ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.