ബോഫോഴ്സ് അഴിമതിക്കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീം കോടതി

ബോഫോഴ്സ് അഴിമതിക്കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ടോളം ചര്‍ച്ച ചെയ്ത ബോഫോഴ്സ് അഴിമതിക്കേസിലെ നിയമ നടപടികള്‍ക്ക് അവസാനം കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചു.

ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ ബോഫോഴ്സിനെയും കുറ്റവിമുക്തരാക്കി 2005 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളിയതോടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ പഴികള്‍ കേട്ട വിവാദ കേസിന് പരിസമാപ്തിയായി.

ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റി വെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകന്‍ അജയ് കെ. അഗര്‍വാള്‍ നല്‍കിയ ഹര്‍ജി തള്ളുകയുമായിരുന്നു.

1986 ല്‍ ഇന്ത്യന്‍ സര്‍ക്കാരും സ്വീഡനിലെ എ.ബി ബോഫോഴ്സ് കമ്പനിയും തമ്മില്‍ 1,437 കോടി രൂപയുടെ ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറാണ് കേസിനാസ്പദം. ഈ ഇടപാടില്‍ ഇടനിലക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും 64 കോടി രൂപ കോഴയായി ലഭിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്.

1980 കളുടെ അവസാനത്തില്‍ ഉയര്‍ന്നുവന്ന ഈ അഴിമതി ആരോപണം അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ ഉലയ്ക്കുകയും 1989 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.