ആകാശച്ചുഴി അപകടം: എയര്‍ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ടാമത്തെ പരിശോധനയിലും സ്ഥിരീകരണം

ആകാശച്ചുഴി അപകടം: എയര്‍ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ടാമത്തെ പരിശോധനയിലും സ്ഥിരീകരണം

ന്യൂഡല്‍ഹി: യാത്രക്കാരുടെ ജീവന്‍ പണയപ്പെടുത്തി വിമാനം പറത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിന്റെ രക്ത സാംപിള്‍ പരിശോധനാ ഫലം പുറത്ത് വന്നു. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ നടത്തിയ ലഹരി പരിശോധനയുടെ രണ്ടാം ഘട്ടത്തിലും പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ ആധുനിക ലാബ് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഈ മാസം നാലിന് തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി പുറപ്പെട്ട എയര്‍ബസ് എ320 വിമാനമാണ് ഒഡിഷയ്ക്ക് മുകളില്‍ വച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 300 അടി താഴേക്ക് പതിച്ചത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തില്‍ വിമാനത്തിനുള്ളില്‍ ചിതറിവീണ് 13 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ക്രൂ അംഗങ്ങള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡല്‍ഹിയില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ഉടന്‍ തന്നെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. പ്രാഥമിക പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് സാംപിളുകള്‍ വിശദമായ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും സേവനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില് ഏവിയേഷന്‍ അറിയിച്ചു. വ്യോമയാന അപകട അന്വേഷണ ബ്യൂറോ കേസില്‍ സമഗ്രമായ അന്വേഷണം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.