ന്യൂഡല്‍ഹി: ദാരിദ്ര്യമുക്തിയുടെയും ആധുനിക സാങ്കേതിക മുന്നേറ്റങ്ങളുടെയും കരുത്തില്‍ രാജ്യം എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക്. ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് 25 കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങളിലൂടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. പതാക ഉയര്‍ത്തലിന് മുന്നോടിയായി ചെങ്കോട്ടയില്‍ വന്ദേമാതരവും തുടര്‍ന്ന് ദേശീയഗാനവും ആലപിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ഒരു ചരിത്ര നിമിഷമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന് രാജ്യം ഉറ്റുനോക്കിയ നിമിഷത്തില്‍ കൂടിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് സംസാരിച്ചത്. 2047 ല്‍ രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റണമെന്ന വലിയ ലക്ഷ്യം അദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വച്ചു. വലിയ സ്വപ്നങ്ങള്‍ കാണാനും അത് നിറവേറ്റാനുമാണ് നാം ശ്രമിക്കേണ്ടതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സ്വപ്നങ്ങള്‍ വലുതാകുമ്പോള്‍ നമ്മുടെ ചിന്തകള്‍ വിശാലമാകുകയും അതിലൂടെ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും. ലക്ഷ്യങ്ങള്‍ ദൃഢമാകുമ്പോള്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നുചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 10-12 വര്‍ഷത്തിനിടയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഈ കാലയളവില്‍ നടപ്പാക്കിയ മികച്ച പദ്ധതികള്‍ വഴി 25 കോടിയോളം ഇന്ത്യക്കാരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായത്. കോവിഡ് മഹാമാരിയുടെ സമയത്ത് വ്യാജ പ്രചാരണങ്ങളിലൂടെ ആളുകളെ ഭയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഇന്ത്യ തങ്ങളുടെ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിച്ചു കാട്ടി. രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതും സാങ്കേതികമായി ഇന്ത്യ മുന്നേറിയതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വലിയ ബഹുമാനമാണ് ഇന്ത്യയ്ക്കുള്ളത്.
രാജ്യത്തെ സ്ഥിരതയുള്ള സര്‍ക്കാര്‍ കാരണം 2014 മുതല്‍ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പാതകളും കെട്ടിടങ്ങളും വാഹനങ്ങളും ത്രിവര്‍ണ പതാകകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളും യുവജനങ്ങളും രാജ്യത്തിന്റെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ വേളയില്‍, കൂടുതല്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ആഹ്വാനത്തോടെയാണ് ചെങ്കോട്ടയിലെ ചരിത്ര പ്രധാനമായ പ്രസംഗം അവസാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.