ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തില്‍ സോണിയാ ഗാന്ധിയെ കുടുക്കാന്‍ ബിജെപിയുടെ നീക്കം. വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിച്ചപ്പോള്‍ സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചത് ദേശീയ ഗീതത്തോടുള്ള അപമാനമാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.
ഇന്നലെ എഎസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു. അതിനിടെ സേവാദള്‍ വളന്റിയര്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഇത് തടയാന്‍ സോണിയയുടെയും മല്ലുകാര്‍ജന്‍ ഖാര്‍ഗെയുടെയും ഭാഗത്തുനിന്ന് ചെറിയ ശ്രമം ഉണ്ടായിരുന്നു. സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടമാക്കിയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഇത് വിവാദമായതോടെ തിരുത്തുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. സോണിയാ ഗാന്ധി കസേര ചോദിക്കുകയാണ് ചെയ്തതെന്നും അല്ലാതെ അസ്വസ്ഥത പ്രകടമാക്കിയതല്ല എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചത്. എന്നാല്‍ ഇതെല്ലാം പൂര്‍ണമായും തള്ളിയ ബിജെപി, വന്ദേമാതരം നിയമം പാസായ സാഹചര്യത്തില്‍ സോണിയ ഗാന്ധിക്കെതിരെ നിയമ നടപടി എടുക്കാനുള്ള നീക്കമാണ് നടത്തുന്നത്.
തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നിയമ വിഭാഗം മേധാവിയും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കേസ് വരികയാണെങ്കില്‍ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് ആലോചിക്കാനാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം.
വിഷയത്തില്‍ സോണിയക്കെതിരെ ഇന്നലെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ബിജെപി സൈബര്‍ സെല്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിക്കുന്ന സമീപനമാണ് സോണിയാ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന പ്രചാരണമാണ് ബിജെപി ഹാന്‍ഡിലുകള്‍ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത്.
സോണിയാ ഗാന്ധിയുടെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങളും ചെറിയ ക്ലിപ്പുകളായി പോസ്റ്റ് ചെയ്താണ് പ്രചാരണം. സോണിയ ഗാന്ധി മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നുമാണ് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.