വെല്ലുവിളികളെ അതിജീവിക്കാൻ മാനസിക ആരോഗ്യം

വെല്ലുവിളികളെ അതിജീവിക്കാൻ മാനസിക ആരോഗ്യം

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആയി ആചരിക്കുകയാണ്. എല്ലാവർക്കും സംലഭ്യമായ മാനസിക ആരോഗ്യം എന്നതാണ് ഈ ദിനാചരണത്തിന് ഈവർഷത്തെ ആപ്തവാക്യം. കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് മാനസിക ആരോഗ്യം സൂക്ഷിക്കുക ഏറ്റവും പ്രധാനപ്പെട്ടതാണ്. മാനസിക ആരോഗ്യത്തെ കുറിച്ച് ഏതാനും ചിന്തകൾ ചേർക്കുന്നു.

ഈ കോവിഡ് -19 മഹാമാരിയുടെ കാലത്ത് നമ്മുടെ ഭവനങ്ങളിലും ചുറ്റുപാടുമുള്ള എല്ലാവർക്കും മാനസിക ആരോഗ്യത്തിന് പിന്തുണ നൽകുക വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഭവനങ്ങളിൽ ഉള്ളവരോട് സംസാരിക്കുവാനും സഹായങ്ങൾ ചെയ്തു കൊടുക്കുവാനും ശ്രദ്ധിക്കുക. 

സമയത്തുള്ള ഭക്ഷണം, വിശ്രമം, മതിയായ ഉറക്കം, വ്യായാമം മുതലായവയിൽ ശ്രദ്ധിച്ചു സമഗ്രമാനസിക ആരോഗ്യവും ഉറപ്പുവരുത്തുക.

സാഹചര്യങ്ങളുമായി മനസ്സിനെ പൊരുത്തപ്പെടാൻ പഠിപ്പിക്കുകയയെന്നത് ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. ചിലപ്പോൾ നിങ്ങളുടെ ബിസിനസ് ഉദ്ദേശിച്ചപോലെ മുന്നോട്ടു പോയിട്ടുണ്ടാവില്ല. പദ്ധതികൾ മനസ്സിൽ വിചാരിച്ചത് പോലെ നടന്നിട്ട് ഉണ്ടാവില്ല. കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ മുന്നോട്ട് പോയിട്ടുണ്ടാവില്ല. ഇല്ല പക്ഷെ ഓർക്കുക: ഏതിനെയും അതിജീവിക്കാനുള്ള കരുത്ത് മനുഷ്യ മനസ്സിന് ദൈവം പ്രദാനം ചെയ്തിട്ടുണ്ട് .

എല്ലാം ശുഭം ആകുംഎല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് തുടങ്ങിയ പോസിറ്റീവ് ചിന്തകൾ മനസ്സിൽ സൂക്ഷിക്കൂ. 

ചിന്തകൾ എല്ലാം ഊർജ്ജ സ്രോതസ്സുകളാണ്. നെഗറ്റീവ് ചിന്തകൾ നെഗറ്റീവ് ഊർജ്ജവും പോസിറ്റീവ് ചിന്തകൾ പോസിറ്റീവ് ഊർജവും പ്രദാനം ചെയ്യുന്നു. ഈ കാലഘട്ടങ്ങളിൽ സ്വയം തളർത്തുന്ന പ്രവൃത്തികളെകാൾ Self defeating behaviors (മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ, അമിത ചെലവുകൾ ചെയ്യുന്നത്, അലസതയോടെ സമയം ചെലവഴിക്കുന്നത് etc.) സ്വയം വളർത്തുന്ന പ്രവർത്തികൾ self enhancing behaviors (കഴിവുകൾ വർദ്ധിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുക, ബന്ധങ്ങളെ പരിരക്ഷിക്കുക, ക്രിയാത്മകമായി സമയം ചെലവഴിക്കുക etc) വ്യാപൃതരാകുവാൻ ശ്രദ്ധിക്കുക.

നിങ്ങൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളെകുറിച്ച് അടുത്ത സുഹൃത്തുക്കളുമായോ കൗൺസിലേഴ്‌സുമായോ പങ്കുവയ്ക്കാൻ ശ്രദ്ധിക്കുക. ആകുലതകളെ അകറ്റാനും വ്യത്യസ്തമായി കാര്യങ്ങളെ കാണാനും ഇത് നിങ്ങളെ പഠിപ്പിക്കും.

ഈ ലോകത്ത് നിങ്ങൾ മാത്രമല്ല നിങ്ങളെ പോലെ അനേകം മനുഷ്യർ സമാനമായ, ചിലപ്പോൾ അതിലും ഗൗരവതരമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്ന് ഓർക്കുക.

എല്ലാവർക്കും ചെയ്യാൻ ഇഷ്ടമുള്ള ചില കാര്യങ്ങളുണ്ട്. ഉദാഹരണമായി പൂന്തോട്ടം പരിരക്ഷിക്കുക, വായിക്കുക, സിനിമ കാണുക മുതലായവ. ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങൾ ഓരോ ദിവസവും സാഹചര്യമനുസരിച്ച് ചെയ്യുന്നുവെന്ന് ഉറപ്പിക്കുന്നത് മാനസിക സന്തോഷം വർദ്ധിപ്പിക്കും.

മഴവില്ലിൽ വിവിധ വർണ്ണങ്ങൾ ഉള്ളതുപോലെ ജീവിതത്തിലും വിവിധങ്ങളായ അനുഭവങ്ങൾ, സങ്കടങ്ങളും സന്തോഷങ്ങളും ഉയർച്ചകളും താഴ്ചകളും ഉണ്ടാകാം എന്ന് മനസ്സിലാക്കുക. പല വർണ്ണങ്ങൾ മഴവില്ലിനെ മനോഹരമാക്കുന്നതുപോലെ വ്യത്യസ്ത അനുഭവങ്ങൾ ജീവിതത്തെ മനോഹരമാക്കുന്നു. 

ഡോ. ഫാ. സെബാൻ ചെരിപുറത്ത് ( SiFaM, കൗൺസിലിംഗ് സെൻറർ,  തലശ്ശേരി)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.