ലോകത്ത് ആദ്യമായി റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍; മനുഷ്യജീവന്‍ രക്ഷിക്കാനുള്ളതല്ല

ലോകത്ത് ആദ്യമായി റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍; മനുഷ്യജീവന്‍ രക്ഷിക്കാനുള്ളതല്ല

ടോക്യോ: ലോകത്തെ ആദ്യ 'റോബോട്ട് ആംബുലന്‍സ്' നിര്‍മിച്ച് ജപ്പാന്‍. ഇത് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ളതല്ല, മറിച്ച് തകരാറിലായ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ക്ക് അടിയന്തിര റോഡ് സൈഡ് അസിസ്റ്റന്‍സും അതിവേഗ അറ്റകുറ്റപ്പണിയും ഉറപ്പാക്കുന്നതിനായി പ്രത്യേകം നിര്‍മ്മിച്ച മൊബൈല്‍ യൂണിറ്റാണിത്.

ജപ്പാനിലെ ഭീമന്‍ ടെക് കമ്പനിയായ ജിഎംഓ ഇന്റര്‍നെറ്റ് ഗ്രൂപ്പ് (ജിഎംഓ എയര്‍) ആണ് ഈ അംബുലന്‍സിന് പിന്നില്‍. ഇത്തരം ആംബുലന്‍സുകള്‍ ഉടന്‍ തന്നെ ടോക്യോ തെരുവുകളില്‍ ഓടിത്തുടങ്ങും. എഞ്ചിനീയര്‍മാര്‍, റിപ്പയര്‍ ഉപകരണങ്ങള്‍, ആവശ്യമായ സ്പെയര്‍ പാര്‍ട്സ് എന്നിവ അടങ്ങിയതായിരിക്കും ഈ മൊബൈല്‍ യൂണിറ്റുകള്‍.

ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും സങ്കീര്‍ണവും പ്രവചനാതീതവുമായ ചുറ്റുപാടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പടികള്‍ കയറുക, ഭാരമുള്ള സാധനങ്ങള്‍ ചുമക്കുക, മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യുക തുടങ്ങിയ ജോലികളാണ് സാധാരണയായി അവയ്ക്ക് നല്‍കുന്നത്.

അതിനാല്‍ ചെറിയൊരു കാല്‍ തെറ്റലോ പെട്ടെന്നുള്ള ബാലന്‍സ് നഷ്ടപ്പെടലോ പോലും അവയുടെ കൈകാലുകള്‍ ഒടിയുന്നതിനോ സെന്‍സറുകള്‍ തകരാറിലാകുന്നതിനോ കാരണമായേക്കാം. കൂടാതെ, ബാറ്ററി പ്രശ്നങ്ങള്‍, ആശയവിനിമയ തടസങ്ങള്‍, സോഫ്റ്റ് വെയര്‍ തകരാറുകള്‍ എന്നിവ കാരണം റോബോട്ട് നിശ്ചലമായിപ്പോകാനും സാധ്യതയുണ്ട്.

പ്രവര്‍ത്തനരഹിതമായ ഒരു ഭാരമേറിയ റോബോട്ടിനെ സെന്‍ട്രല്‍ റിപ്പയര്‍ സെന്ററിലേക്ക് എത്തിക്കുന്നത് സമയമെടുക്കുന്നതും വലിയ ഗതാഗതച്ചെലവ് വരുന്നതുമാണ്. റിപ്പയര്‍ ഷോപ്പ് നേരിട്ട് റോബോട്ടിന്റെ അരികിലേക്ക് എത്തിച്ചുകൊണ്ടാണ് റോബോട്ട് ആംബുലന്‍സ് ഈ പ്രശ്നം പരിഹരിക്കുന്നത്.

നൂതന ഡയഗ്നോസ്റ്റിക് സാങ്കേതിക വിദ്യയും മൊബൈല്‍ എഞ്ചിനീയറിംഗ് ഉപകരണങ്ങളും സംയോജിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ മെഡിക്കല്‍ റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തന രീതിയാണ് ഇതിലുള്ളത്. ഒരു റോബോട്ട് തകരാറിലാകുമ്പോള്‍, ഫീല്‍ഡ് ഓപ്പറേറ്റര്‍മാര്‍ അടിയന്തര ഡിസ്പാച്ച് അഭ്യര്‍ത്ഥന അയയ്ക്കുന്നു.

സ്ഥലത്തെത്തുമ്പോള്‍, റോബോട്ടിന്റെ ആന്തരിക സിസ്റ്റങ്ങള്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്യുന്നതിനും ഹാര്‍ഡ്വെയര്‍ തകരാറുകളോ സോഫ്റ്റ് വെയര്‍ ബഗുകളോ കണ്ടെത്താനും ടെക്നീഷ്യന്മാര്‍ വയര്‍ലെസ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, റോബോട്ടിന് വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷിതമായി നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ ടെക്നീഷ്യന്മാര്‍ അതിന്റെ ബാലന്‍സ് ഗൈറോകളും മോഷന്‍ കണ്‍ട്രോളറുകളും റീ സിങ്ക് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.