വത്തിക്കാൻ സിറ്റി: മാനസികാരോഗ്യ പ്രശ്നങ്ങളും മാനശാസ്ത്രപരമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരെ വിധികൽപ്പിക്കാതെ ചേർത്തുപിടിക്കാനും കേൾക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പയുടെ ഒക്ടോബർ മാസത്തെ പ്രത്യേക പ്രാർത്ഥനാ നിയോഗം പുറത്തുവന്നു. മാനസികാരോഗ്യ ശുശ്രൂഷകൾക്കായി ഒക്ടോബർ മാസം സമർപ്പിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് ഈ ആഗോള സന്ദേശം നൽകിയത്.
മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് തിരുസഭ പ്രത്യാശയുടെയും ആശ്വാസത്തിന്റെയും കേന്ദ്രമാകണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മാനസികാസ്വസ്ഥയം അനുഭവിക്കുന്നവരുടെ മധ്യസ്ഥയായ വിശുദ്ധ ഡിംഫ്‌നയുടെ ചിത്രം കയ്യിലേന്തിയാണ് പാപ്പ സംസാരിച്ചത്. വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരുടെയും ആരും കാണാതെ പോകുന്ന ആന്തരിക മുറിവുകളുള്ളവരുടെയും പ്രയാസങ്ങൾ അദേഹം പ്രാർത്ഥനയിൽ ദൈവതിരുമുമ്പിൽ സമർപ്പിച്ചു.
മാനസികാസ്വസ്ഥതകൾ നേരിടുന്നവരോട് ക്രൈസ്തവർ പലപ്പോഴും മുഖം തിരിക്കുകയും അവരെ മാറ്റിനിർത്താൻ ഇടയാക്കുകയും ചെയ്ത സംഭവങ്ങളിൽ പാപ്പ മാപ്പപേക്ഷിച്ചു. ആരെയും ഒഴിവാക്കാത്ത ഭയമില്ലാതെ അടുത്തുനിൽക്കുന്ന, വിധികൽപ്പിക്കാതെ കേൾക്കുന്ന ഒരു സുരക്ഷിത ഇടമായി തിരുസഭ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്കായും വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള നൂറുകോടിയിലധികം ആളുകൾ വിവിധ തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും, ആരോഗ്യ ബഡ്ജറ്റുകളുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഈ മേഖലയ്ക്കായി മാറ്റിവെക്കുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.
സഭയിലെ കൂട്ടായ്മകളിലും ശുശ്രൂഷകളിലും മാനസികാരോഗ്യ പരിരക്ഷ ഉൾപ്പെടുത്തണമെന്നും എപ്പോഴും നമ്മെ ഉപേക്ഷിക്കാത്ത ദൈവകരുണയുടെ ജീവനുള്ള അടയാളമായി മാറണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.