ബേസിക് അൽഭുതങ്ങളും സെന്റ്. ജോസഫും

ബേസിക് അൽഭുതങ്ങളും സെന്റ്. ജോസഫും

സെന്റ്. ജോസഫിന്റെ ഓർമ തിരുനാൾ ദിനത്തിൽ പ്രശസ്ത എഴുത്തുക്കാരനും അഭിനേതാവും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്, സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് വൈറൽ ആകുന്നു. പൂർണ രൂപം താഴെ കൊടുക്കുന്നു…

വിശുദ്ധന്മാരുടെ ഇടയിൽ ഒരു 'ഗുമ്മില്ല' എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്ന ഒരാളാണ് യൗസെപ്പ് എന്ന ജോസഫ്, യേശുവിന്റെ അപ്പനാണ് എന്നത് മാത്രമാണ് അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ ഒരു ബഹുമാനം എന്റെ കണ്ണിൽ കിട്ടാൻ കാരണം. കുഞ്ഞുനാൾ തുടങ്ങി എന്തേലുമൊക്കെ ആവശ്യം വന്നാൽ ഓടിപ്പോയി പ്രാർത്ഥിച്ചിരുന്ന വിശുദ്ധന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ അദ്ദേഹം ഇല്ലായിരുന്നു. ബൈബിളിൽ യൗസെപ്പ് അങ്ങനെ വലിയ അത്ഭുതങ്ങളൊന്നും ചെയ്തതായി പറയുന്നില്ല, അദ്ദേഹത്തെ കുറിച്ചുള്ള റഫറൻസ് പോലും വളരെ മിനിമലാണ് പക്ഷെ അദ്ദേഹത്തോട് ഏറ്റവും ഭക്തിയുള്ള, പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ യൗസേപ്പിതാവിനോട് മാത്രം പ്രാർത്ഥിക്കുന്ന ഒരാളുണ്ട് വീട്ടിൽ, അമ്മയാണ്. പ്രാർത്ഥിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഭയങ്കര 'ഭക്തി' ലൈൻ ആയിപ്പോകും, ഇത് ശരിക്കും അടുത്തറിയാവുന്ന അല്ലെങ്കിൽ സ്വന്തം വല്യേട്ടനോട് സംസാരിക്കുന്ന ലാഘവത്തോടെ ആണ് വർത്തമാനങ്ങൾ മുഴുവൻ.

'എന്റെ യൗസേപ്പിതാവേ, നിനക്കറിയാലോ'

'എന്റെ പൊന്ന് യൗസേപ്പിതാവേ, ആവശ്യത്തിൽ കൂടുതൽ പണികൾ ഇപ്പോൾ തന്നെ ഉണ്ട്, ഇനിയൊരു പുതിയ ഭാരം കൂടി താങ്ങാൻ വയ്യാ, അതുകൊണ്ട് ഈ പ്രശ്നത്തിൽ നിന്ന് ഒന്ന് ഒഴിവാക്കി തരണം'
'എന്റെ ഔസേപ്പിതാവേ നിനക്കറിയാലോ ഒരു കുടുംബം കൊണ്ടുപോകുന്ന ബുദ്ധിമുട്ട്....'

ഇത്രയും കരുതലോടെ സ്വന്തം ഭർത്താവായ എന്റെ അപ്പനെ വിളിക്കുന്നത് എന്റെ ജന്മത്തിൽ ഞാൻ കേട്ടിട്ടില്ല, അത് ഒരുപക്ഷെ ഞാൻ ജനിക്കുന്നതിന് മുൻപ് പുള്ളിക്കാരി വിളിച്ചപ്പോഴൊക്കെ 'തിരക്കിട്ട് നാട് നന്നാക്കാൻ' പോയതുകൊണ്ട് സ്നേഹത്തോടെ സ്വാഭാവികമായി വിളിക്കാനുള്ള ആ കഴിവ് നഷ്ട്ടപ്പെട്ട് പോയതായിരിക്കാം. ഇന്ന് അമ്മ അലക്കിക്കൊണ്ടിരിക്കുമ്പോൾ വെറുതെ ഈ യൗസേപ്പിനോടുള്ള സ്നേഹത്തെക്കുറിച്ച് ചോദിച്ചു, അതിനുകിട്ടിയ മറുപടിയാണ് ഈ എഴുത്ത്. ഈ മറുപടി മനസ്സിലാകണമെങ്കിൽ എളുപ്പമല്ല, തീവ്രഭക്തനും തീവ്രവാദിയും തമ്മിൽ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര ഏറെക്കുറെ സജീവമാണെന് വിശ്വസിക്കുന്ന ഒരാളുടെ മറുപടിയാണിത്.

"എടാ, അങ്ങേരെപ്പോലെ കുടുംബം നോക്കിയ ഒരാളുണ്ടോ? നീ വിവാഹം ഉറപ്പിച്ച സ്ത്രീക്ക് ദിവ്യഗർഭം ഉണ്ടായെന്ന് പറഞ്ഞാൽ നിനക്ക് അംഗീകരിക്കാൻ പറ്റോ ? ഇനിയിപ്പോ മാലാഖ വന്ന് നിന്നോട് അവളെ സ്വീകരിക്കുക എന്ന് പറഞ്ഞാലും അത് ഈ പറയുന്നപോലെ എളുപ്പമാണോ? എന്നിട്ടും ആ പെൺകൊച്ചിന് വേണ്ടിയിട്ടാകാം അങ്ങേര് അതെല്ലാം വിശ്വസിച്ചത്, അവളെ വലിയ മാനക്കേടിൽ നിന്ന് രക്ഷിക്കാനുമാകാം. മാലഖക്കും ഈ പറഞ്ഞ ദൈവത്തിനുമൊക്കെ കാര്യങ്ങൾ എന്തൊരു എളുപ്പമായിരുന്നു, ഇടയ്ക്കിടയ്ക്ക് സ്വപ്നത്തിൽ മാലാഖയെ അയക്കുക എന്നിട്ട് ഓരോ ടാസ്ക് കൊടുക്കുക, 'നീ ഇപ്പോൾ അവളെയും കുഞ്ഞിനേയും കൊണ്ട് ഇന്ന സ്ഥലത്തേക്ക് പോകുക', 'ഇനി അവിടെ നിന്ന് വഴിമാറി വേറെ സ്ഥലത്തേക്ക് പോകുക' ദൈവപുത്രന് ജന്മം നൽകാൻ പോകുന്ന സ്ത്രീയാണ് എന്നൊക്കെയാണ് മാലാഖമാരും മനുഷ്യരും അങ്ങേരോട് പറഞ്ഞത്! എന്നിട്ടോ ?? പെരുവഴിയിൽ പേറ്റുനോവ് വന്നു, കാലിത്തൊഴുത്തിൽ ഭാര്യയുടെ പ്രസവം നടത്തേണ്ടി വന്നു! 'ഇതെന്തോന്ന് ദൈവപുത്രൻ, എല്ലാരുംകൂടി തന്നെ പറ്റിക്കുകയായിരുന്നു' എന്ന് അങ്ങേര് ചിന്തിച്ചുപോയാലും കുറ്റം പറയാൻ പറ്റില്ല, പക്ഷെ എന്ത് ഭംഗിയായിട്ടാണ് അയാൾ തന്റെ ഉത്തരവാദിത്തം നോക്കിയത്. നീ ഈ പറയണ ഏത് വിശുദ്ധന്മാരെക്കാളും വലിയ അത്ഭുതം ഈ മനുഷ്യനാണ്.രോഗങ്ങൾ സൗഖ്യമാക്കാൻ , കാണാതെ പോയ സാധനങ്ങൾ കണ്ടെത്താൻ, അസാധ്യകാര്യങ്ങൾ നടത്താനോക്കെ ഒരു പരിധിവരെ പണം കൊണ്ട് മനുഷ്യന് സാധിക്കും പക്ഷെ സ്നേഹത്തോടെ അവൈലബിൾ ആയിരിക്കുക, എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിൽക്കുക,നമ്മളെ വിശ്വസിക്കുക, സ്നേഹിക്കുക എന്നൊക്കെ പറയുന്നതാണ് എന്റെ കണ്ണിൽ മനുഷ്യന് വേണ്ടുന്ന ബേസിക് അത്ഭുതം."

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് 'ബേസിക് അത്ഭുതം' എന്നൊരു പ്രയോഗം കേൾക്കുന്നത്. വല്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെട്ട ഒരു വാക്കാണ് 'അത്ഭുതം', "മേക്കിങ് ദി  ഇമ്പോസ്സിബിൾ പോസ്സിബിൾ " എന്നൊക്കെ ഇതിനെ നിർവചിക്കാം, അങ്ങനെയെങ്കിൽ 'ബേസിക് അത്ഭുതത്തെ' എങ്ങനെ ഡിഫൈൻ ചെയ്യാം ?   "മേക്കിങ് ദി പോസ്സിബിൾ ആക്ച്വലി പോസ്സിബിൾ".

ഒരു വിശുദ്ധനാവാൻ അത്ഭുതങ്ങളുടെ അകമ്പടി വേണമെന്നില്ല, മകനായി, മകളായി, ഭർത്താവായി, ഭാര്യയായി, ബോയ്‌ഫ്രയെണ്ടായി, സുഹൃത്തായി ചെയ്യാൻ സാധിക്കുന്ന ബേസിക് അത്ഭുതങ്ങൾ ചെയ്‌താൽ മാത്രം മതി!  

എല്ലാ ജോസഫുമാർക്കും "ഹാപ്പി ഫീസ്റ്റ് ഡേ" 

ജോസഫ് അന്നംക്കുട്ടി ജോസ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.