സുശാന്തിന്റെ മരണം മാതാപിതാക്കളെ ഞെട്ടിക്കുമ്പോൾ

സുശാന്തിന്റെ മരണം മാതാപിതാക്കളെ ഞെട്ടിക്കുമ്പോൾ

അടിമക്കാഴ്ചയും വിടുതൽ വഴികളും - 4

പ്രശസ്ത നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടികളെയും ചില പ്രമുഖരെയും എൻ സി ബി ചോദ്യം ചെയ്തതും അതുമായി ബന്ധപ്പെട്ട അന്വേഷണവും അറസ്റ്റും തുടരുന്നതുമെല്ലാം ഞെട്ടിപ്പിക്കുന്ന വാർത്തകളായി നമ്മളെ വേട്ടയാടുകയാണല്ലോ? മയക്കുമരുന്ന് ഉപയോഗിക്കേണ്ട ആവശ്യമേയുണ്ടാവില്ല എന്ന് നമ്മൾ കരുതുന്ന യുവജനങ്ങളുടെ നായക താരങ്ങൾ വലിയൊരു മാഫിയയുടെ പിടിയിലായിരിക്കുന്നു എന്നറിയുന്നത് തന്നെ നടുക്കം ഉളവാക്കുന്നുണ്ട്. 

 മാതൃക നല്കുന്നവരെന്നു ലോകം വിശേഷിപ്പിക്കുന്നവർ തന്നെ അടിമപ്പെടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ഈ ജ്വരം കൊറോണയെക്കാൾ മാരകമാണ്‌ എന്നല്ലേ? നമ്മൾ അറിയേണ്ടത് പലതും അറിയുന്നില്ല എന്നതാണ് സത്യം. ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആദ്യമായി കേട്ടതുപോലെ ഞെട്ടേണ്ടവരല്ല നമ്മൾ. മക്കളുടെ സുരക്ഷിതത്വത്തിനായി നമ്മുടെ കണ്ണും കാതും ഉണർന്നിരിക്കണം.

 ഈ പരമ്പരയിലെ മുൻ ലേഖനങ്ങളിൽ നമ്മൾ ലഹരിയുടെ അടിമപ്പെടലുകളെക്കുറിച്ചും അതിൽ നിന്നുള്ള മോചന വഴികളെക്കുറിച്ചും പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ? നല്ല സ്വാധീനത്തിൽപ്പെട്ടു ലഹരിയെ വിട്ടു പോരുന്നവരെ നമ്മൾ കണ്ടു. ലഹരിയിലേക്ക് ചായുന്നതിൻറെ കാരണത്തെ തന്നെ തടയുന്ന ഐസ്ലാൻഡിന്റെ മാതൃകയെക്കുറിച്ചും മുൻലേഖനങ്ങളില്‍ വിവരിച്ചു. ലഹരി മുക്തിയെക്കുറിച്ചു അറിയുമ്പോൾ അതിന്റെ പ്രതിബന്ധങ്ങളെക്കുറിച്ചു നമ്മൾ നന്നായി അറിയേണ്ടതുണ്ട്. 

കഴിഞ്ഞ ഇരുപത്തേഴു വര്‍ഷങ്ങളായി മാനസികാരോഗ്യ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നതിന്റെ വെളിച്ചത്തിലാണ് ഞാൻ ഇത് എഴുതുന്നത്. കൂട്ടായ പ്രവർത്തനം മയക്കുമരുന്നുപയോഗത്തിൽനിന്ന് കരകയറാൻ സഹായിക്കുന്നുവെങ്കിലും അതിനു സഹായിക്കുന്നവർ വ്യക്തമായ ധാരണ നേടേണ്ടത് അത്യാവശ്യമാണ്. 

മയക്കുമരുന്നും മാനസിക രോഗവും  

   മയക്കു മരുന്ന് ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ഉന്മത്തതയെ പറ്റി പറഞ്ഞു പ്രലോഭിച്ചു യുവാക്കളെ അടിമപ്പെടുത്തുന്ന ഒരു പ്രവണത സർവ്വസാധാരണമാണ്. മയക്കുമരുന്നിന്റെ 'കിക്കിന്' പിന്നിൽ ഒളിച്ചിരിക്കുന്ന അതിഭയങ്കരമായ ഒരു അപകടത്തെക്കുറിച്ചു കൃത്യമായ ബോധ്യം കിട്ടിയാൽ പല ചെറുപ്പക്കാരും ഇതിൽ നിന്നും ഓടിയൊളിക്കും. 

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തലച്ചോറിന്റെ രാസപ്രവർത്തനങ്ങളെ വ്യതിചലിപ്പിക്കുന്നതിനാലാണ് വലിയൊരു വിഭാഗം മാനസിക രോഗത്തിന് അടിമപ്പെടുന്നത് എന്ന യാഥാർഥ്യം യുവജനങ്ങളിലേക്കു കൃത്യമായി എത്തിക്കാൻ നമ്മൾ പരാജയപ്പെടുന്നു. ചില മയക്കുമരുന്നുകൾ ഒരു തവണ മാത്രം എടുത്താൽപ്പോലും ചിലർക്ക് ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാകാം. 

സെലിബ്രിറ്റികളെപോലുള്ളവരുടെ ദുർമാതൃക ചെറുപ്പക്കാരെ വശീകരിക്കുന്നതിനാൽ അവർ അന്ധരാക്കപ്പെടുകയും 'കിക്കിന്റെ' പിന്നിൽ മറഞ്ഞിരിക്കുന്ന അപകടം അറിയാതെ പോകുകയും ചെയ്യുന്നു. മനസികരോഗിയാക്കുമെന്ന ബോധ്യം സുബോധത്തിലിരിക്കുന്ന ഒരാൾക്ക് കൃത്യമായി കിട്ടിയാൽ അയാൾ ലഹരി ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറയും.  

മയക്കു മരുന്നിനു അടിമപ്പെടുന്ന മറ്റൊരു വിഭാഗം തന്ത്രപരമായി കുടുക്കിലാക്കപ്പെടുന്ന ചെറുപ്പക്കാരാണ്. ഇത്തരം ചതിക്കുഴികൾ ഒരുക്കുന്നത് സംഘടിതമായ മയക്കുമരുന്ന് മാഫിയകളാണ്.  

മാഫിയ പ്രവർത്തനങ്ങളും പ്രചോദക നിയന്ത്രണവും 

 ബോളിവുഡിലെ വാർത്തകൾ പുറത്തുവരുമ്പോഴാണ് സാധാരണ ജനം മയക്കുമരുന്നിനു പിന്നിലുള്ള വൻ മാഫിയ ബന്ധത്തെക്കുറിച്ചു അറിയുന്നത്. റിപ്പബ്ലിക്ക് ടി വി ,ബോളിവുഡ് നടനായ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പല പ്രധാനപ്പെട്ട വാർത്തകളും പുറത്തുവിടുന്നുണ്ടല്ലോ? ശത്രുരാജ്യങ്ങളുടെ അജണ്ടകളുടെ ഫലമായാണ് നമ്മുടെ രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം കൊഴുക്കുന്നതെന്നു റിപ്പബ്ലിക്കിന്റെ വിദഗ്ധ ചർച്ചകൾ വെളിപ്പെടുത്തുന്നു. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുക എന്നത് ശ്രമകരമെങ്കിലും ആവശ്യം നടപ്പിൽ വരുത്തേണ്ട ഒരു നടപടിയാണിത്. മനശ്ശാസ്ത്രത്തിൽ ഇതിന് പ്രചോദക നിയന്ത്രണം (stimulus control) എന്ന് പറയും. പൂച്ചയ്ക്കാര് മണികെട്ടും എന്ന് ചോദിച്ചിരിക്കുകയാണ് ,അത് ചെയ്യേണ്ട സകലരും. 

കേരളത്തിന്റെ പശ്ചാത്തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്.

1. കഴിഞ്ഞ ദശകങ്ങളിൽ കേരള ജനത കൈവരിച്ചിട്ടുള്ള, ബുദ്ധിപരവും, സാമ്പത്തികവും, സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ വളർച്ചക്കും ത്വരിത ഗതിയിലുള്ള മാറ്റത്തിനും ആനുപാതികമായ ഒരു വൈകാരിക പക്വത രൂപപ്പെട്ടിട്ടില്ല.

2. കേരളത്തിന് സ്വന്തമായിരുന്ന കുടുംബ മൂല്യങ്ങളും, കെട്ടുറപ്പും തകർന്നു പോവുകയും ഇക്കാര്യത്തിൽ മൂല്യച്യുതി സംഭവിക്കുന്നവരുടെ എണ്ണം സാരമായി വർദ്ധിക്കുകയും ചെയ്തു. 

3. സാമ്പത്തിക ഭദ്രതയ്ക്കും മാത്സര്യബുദ്ധിയോടെയുള്ള ധനസമ്പാദനത്തിനും അമിതമായ പ്രാധാന്യം കൊടുക്കുന്നതിന്റെ ഫലമായി വളർന്നുവന്ന പുതിയ തലമുറ, ജീവിതത്തിന്റെ വിലയും മൂല്യവും അറിയാത്തവരായോ, വിലയറിയാമെങ്കിലും മൂല്യമറിയാത്തവരായോ പരിണമിച്ചിട്ടുണ്ട്. 

4. ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരം കുട്ടികളെ മാത്രമല്ല പ്രായമായവരുടെയും തലയ്ക്കു പിടിച്ചിരിക്കുന്നതിനാൽ " ജീവിതം ആസ്വദിക്കുക!" എന്ന വാക്കുകളുടെ ആന്തരികാർത്ഥം നിശേഷം ഇല്ലാതായി.

                    പത്രമാധ്യമങ്ങളുടെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന 'വീരപുത്രന്മാരായ' യുവജനങ്ങൾക്ക് ശിഥിലമായൊരു കുടുംബവും, അനാഥത്വവും ഒറ്റപ്പെടലും നിറഞ്ഞ ഒരു ബാല്യവും നമ്മുടെ നാട്ടിൽ ഉണ്ടെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചില വാർത്ത തലക്കെട്ടുകൾ ശ്രദ്ധിക്കൂ! 

    "എട്ടരക്കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ!'". ഇവരുടെ പ്രായം നോക്കിയപ്പോൾ പത്തൊൻപതും, ഇരുപത്തൊന്നും, പതിനെട്ടും. " പീഡനകേസിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ ". പ്രതിയുടെ വയസു ഇരുപത്തി രണ്ട് . ഇത്തരം വാർത്തകൾ എല്ലാ ദിവസത്തെയും എല്ലാ പത്രത്തിലും മുടങ്ങാതെയുണ്ട്. ഇവരുടെ സംഗമസ്ഥലവും ലഹരി ഉപയോഗവും മിക്കവാറും ആളൊഴിഞ്ഞ വീട്ടിലാണ് എന്നത് ശ്രദ്ധേയമാണ്. 

   അതായതു വൈകാരിക പക്വത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ശിഥിലമായ കുടുംബങ്ങളുള്ള, ജീവിതത്തിന്റെ വിലയും മൂല്യവും അറിയാത്ത, സാങ്കേതിക വിദ്യകളുടെ പിടിയിലമർന്ന വ്യക്തികൾ നമ്മുടെ സമൂഹത്തിൽ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം അന്തരീക്ഷത്തിൽ നിന്നും വ്യക്തികളെ രക്ഷിച്ചെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ നമുക്ക് പണിപ്പെടേണ്ടി വരുന്നു. ശിഥിലമായ കുടുംബത്തിൽ നിന്നും മയക്കുമരുന്നിന് അടിമപ്പെട്ട ഒരാളെ കുടുംബത്തിന്റെ സഹായത്തോടെ നമുക്ക് എങ്ങനെ രക്ഷിക്കാൻ സാധിക്കും? സാങ്കേതിക വിദ്യകൾക്കടിമപ്പെട്ട, ജീവിതം ആസ്വദിക്കുക എന്നത് തെറ്റായ അർത്ഥത്തിൽ മനസിലാക്കിയ വ്യക്തികളുടെ ഇടയിൽനിന്നു മറ്റൊരാളെ കരം പിടിച്ചുയർത്താൻ നമുക്ക് ആരെ ലഭിക്കും? വിടുതൽ വഴികളിലെ തടസ്സങ്ങള്‍ ഏറെയാണ്. 

                   പൂർണമായും എല്ലാം തകർന്നുപോയിട്ടില്ല എന്ന പ്രത്യാശ മാത്രമാണ് നമ്മെ പിടിച്ചു നിർത്തുന്നത്. ഇപ്പോൾ എന്തെങ്കിലും ചെയ്തു തുടങ്ങാൻ അല്പമെങ്കിലും ബാക്കിയുണ്ട്. അതിനാൽ ജാഗ്രതയോടുള്ള പ്രവർത്തനങ്ങൾ നമ്മൾ ഉടൻ ആരംഭിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നുകൾ ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തവരെ അങ്ങനെയൊരു ചിന്തയിലേക്ക് പോലും പോകാനാകാത്തവിധം കുടുംബമോ, കുടുംബം ശിഥിലമെങ്കിൽ സമൂഹമോ ചേർത്ത് നിർത്തണം. അടിമപ്പെട്ടു പോയവരെ രക്ഷിക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

വ്യക്തിയുടെ കാര്യക്ഷമത വർധിപ്പിക്കണം 

    തനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുന്നതാണ് സ്വാതന്ത്ര്യം എന്നും തങ്ങളുടെ ജഡികവും സ്വാഭാവികവുമായ പ്രവണതകളെ വിലക്കുകൾ ഒന്നും ഇല്ലാതെ അഴിച്ചുവിടാൻ കഴിഞ്ഞാൽ ജീവിതം ആസ്വദിക്കാം എന്നും ചിലർ ധരിച്ചു വച്ചിരിക്കുന്നു. അധികമായാൽ അമൃതും വിഷമാണ് എന്നത് എല്ലാക്കാര്യത്തിലും ബാധകമാണെന്ന് അവർ അറിയുന്നില്ല. വഴുക്കലുള്ള പ്രതലത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവർ തെന്നി വീഴുന്നു. 

   കൂട്ടുക്കാരുടെ ഇടയിൽനിന്നു ലഭിക്കുന്ന അംഗീകാരവും അവരുടെ ആഭിമുഖ്യങ്ങളോടുള്ള താദാത്മ്യം പ്രാപിക്കലും കൗമാരപ്രായക്കാരുടെയും യുവജനങ്ങളുടെയും പ്രധാന വ്യഗ്രതകളിൽ ഒന്നാണ്. മാനസികസംഘർഷങ്ങളും പഠനവൈകല്യങ്ങളും അസുഖകരമായ കുടുംബപശ്ചാത്തലങ്ങളും മാതാപിതാക്കളുടെ പൊരുത്തക്കേടും വളർത്തുദോഷങ്ങളുമെല്ലാം തെറ്റായ കൂട്ടുകെട്ടിലേക്ക് വഴുതിവീഴാൻ ഇടയാക്കാറുണ്ട്. തിന്മയെന്നറിഞ്ഞാൽപ്പോലും അവയോട് വേണ്ട എന്ന് പറയാൻ ധൈര്യപ്പെടാതെ അതിൽ വീണുപോവുകയാണ്. 

                   മൃഗങ്ങളോട് താരതമ്യം ചെയ്യുമ്പോൾ മനുഷ്യന് തന്റെ സ്വാഭാവിക പ്രേരണകളുടെ കാടത്തം ഇല്ലായ്മ ചെയ്യാൻ, അവനെ സഹായിക്കുന്നത് തലച്ചോറിന്റെ കോർടെക്സ് എന്ന ഭാഗത്തിന് ഉണ്ടായിട്ടുള്ള വികാസം കൊണ്ടാണ് . ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും കാര്യക്ഷമത വരുത്തി, തിന്മയെ നിരസിക്കാൻ വേണ്ട വ്യക്തിഗത പരിശീലനം , മയക്കുമരുന്നുപയോഗത്തിൽനിന്ന് കരകയറാൻ നമ്മെ സഹായിക്കുന്നു. അതിന്റെ സാധ്യതളെക്കുറിച്ചാണ് ഈ പരമ്പരയിൽ നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് 

(മനഃശാസ്ത്രജ്ഞർ, യുവജന പ്രവർത്തകർ, അധ്യാപകർ എന്നിവർ മാറി,മാറി എഴുതുന്ന ഈ ലേഖന പരമ്പര തുടരും )

ഡോ. സി. റ്റെസ്ലിൻ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)


"അടിമക്കാഴ്ചയും വിടുതൽ വഴികളും - 3" വായിക്കുവാനായി ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.