അബുദാബി: ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.
ക്വിന്റൺ ഡികോക്കിന്റെയും സൂര്യകുമാർ യാദവിന്റെയും അർധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഡികോക്കാണ് മാൻ ഓഫ് ദി മാച്ച്. തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ഐ.പി.എൽ വേദിയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ മുംബൈയ്ക്ക് സാധിച്ചു.
163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം മോശമായിരുന്നു. ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോൾ മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല. രോഹിത്ത് 12 പന്തിൽ നിന്നും വെറും അഞ്ച് റൺസ് മാത്രമെടുത്ത് മടങ്ങി. അക്സർ പട്ടേലിനാണ് വിക്കറ്റ്. സ്കോർ 31-ൽ നിൽക്കെയാണ് രോഹിത്ത് പുറത്തായത്.
വിക്കറ്റ് വീണിട്ടും അത് കാര്യമാക്കാതെ ഡി കോക്ക് മികവുറ്റ ഫോമാണ് പുറതത്തെടുത്തത്. അനായാസം അദ്ദേഹം ബൗണ്ടറികൾ നേടി സ്കോർ ബോർഡ് ചലിപ്പിച്ചു. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഡി കോക്കിന് പിന്തുണയേകി. ഇരുവരും ചേർന്ന് മുംബൈ ഇന്നിങ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇതിനിടയിൽ 33 പന്തുകളിൽ നിന്നും ഡി കോക്ക് അർധ സെഞ്ചുറി നേടി.
എന്നാൽ അർധസെഞ്ചുറി നേടിയ ഉടൻ തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിൻ കളി ഡൽഹിയ്ക്ക് അനുകൂലമാക്കി. 36 പന്തുകളിൽ നിന്നും 53 റൺസാണ് താരമെടുത്തത്. ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാർ യാദവ് ഏറ്റെടുത്തു. 30 ബോളുകളിൽ നിന്നും സൂര്യകുമാർ അർധശതകം നേടി. പിന്നാലെയെത്തിയ ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
എന്നാൽ സൂര്യകുമാറിനെ പുറത്താക്കി റബാദ മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ സ്റ്റോയിനിസ് വെടിക്കെട്ട് താരമായയ ഹാർദിക്കിനെ പൂജ്യനായി മടക്കി മുംബൈയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. അനായാസം ജയിക്കും എന്ന നിലയിൽ നിന്നും മുംബൈ വീണ്ടും തകർച്ചയിലേക്ക് വീണു. എന്നാൽ ഇഷാൻ കിഷനും ഹാർദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാർഡും ചേർന്ന് ഇന്നിങ്സ് കരകയറ്റി. 28 റൺസെടുത്ത കിഷൻ മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. അവസാനം പൊള്ളാർഡും ക്രുനാൽ പാണ്ഡ്യയും ചേർന്ന് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചു. ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നതാണ് വലിയ ചോദ്യം. 52 പന്തില്‍ നിന്നാണ് 69 റണ്‍സ് ശിഖര്‍ ധവാന്‍ നേടിയത്. 9 പന്തില്‍ നിന്ന് അലെക്സ് കാറെ 14 റണ്‍സ് നേടി അവസാന ഓവറുകളില്‍ ഡല്‍ഹിയ്ക്ക് ആവശ്യമായ റണ്‍സ് കണ്ടെത്തി കൊടുത്തു.
ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറുമില്ലാതെ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ പൃഥ്വി ഷായെയും(4) അജിങ്ക്യ രഹാനെയെയും(15) നഷ്ടമായിരുന്നു. 4.2 ഓവറില്‍ 24/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരുമായിരുന്നു.. പത്തോവറില്‍ ടീമിനെ 80 റണ്‍സിലേക്ക് അയ്യരും ശിഖര്‍ ധവാനും കൂടി ടീമിനെ എത്തിച്ചു. 85 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ അയ്യരും ധവാനും ചേര്‍ന്ന് നേടിയത്. 42 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ക്രുണാല്‍ പുറത്താക്കിയാണ് ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ മുംബൈ തകര്‍ത്തത്.
കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച ഫോമിലാണെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് ക്രീസിലെത്തിയ ഉടനെ തെളിയിച്ചുവെങ്കിലും താരം റണ്ണൗട്ടായി 13 റണ്‍സമായി മടങ്ങി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ശിഖര്‍ ധവാനിലായിരുന്നു അവസാന ഓവറുകളിലെ റണ്‍ സ്കോറിംഗ് ദൗത്യം മുഴുവന്‍.
ഇന്നിംഗ്സിന്റെ അവസാനം വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട താരമല്ലെങ്കിലും ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തി ടീമിനെ 162 റണ്‍സിലേക്ക് എത്തിക്കുവാന്‍ ശിഖര്‍ ധവാന് സാധിച്ചു. മുംബൈ നിരയില്‍ 4 ഓവറില്‍ 26 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു. സ്റ്റോയിനിസിന്റെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.