ഓക്സിജന്‍ വിതരണം; സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ളത്ര ഓക്സിജന്‍ എത്തിക്കണം: പ്രധാനമന്ത്രി

ഓക്സിജന്‍ വിതരണം; സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ളത്ര ഓക്സിജന്‍ എത്തിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി. രാജ്യത്ത് ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്‌സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്കുളള ഓക്‌സിജന്‍ വിതരണം തടസപ്പെടരുതെന്നും, ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോഡി വ്യക്തമാക്കി. ഓക്സിജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് യോഗത്തില്‍ വിശദീകരിച്ചു. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അവശ്യകത പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്തെങ്കിലും തടസങ്ങളുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച്‌ പരിഹാരം കാണമെന്നും ഓക്സിജന്റെ ഉല്‍പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

ഓക്സിജന്‍ വിതരണത്തിനായി റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായങ്ങള്‍ക്ക് മാത്രമേ അനുമതിയുണ്ടാകു.

യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിതി ആയോഗ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.