പാരീസ്: 2020 ല്‍ തന്റെ 20 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടം പതിമൂന്നാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ രൂപത്തില്‍ സ്വന്തമാക്കി റാഫേല്‍ നദാല്‍ ഗ്രാന്റ് സ്‌ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്ക് ഒപ്പം എത്തിയിരിക്കുന്നു. 17 ഗ്രാന്റ് സ്‌ലാമുകളും ആയി ജ്യോക്കോവിച്ച് തൊട്ട് പിറകില്‍ ഉണ്ട്.
ആരാണ് ഏറ്റവും മഹാനായ താരം എന്ന ചര്‍ച്ചക്ക് കൂടുതല്‍ മൂര്‍ച്ചക്കൂട്ടുന്നതാണ് നദാലിന്റെ ഈ നേട്ടം. ഒരര്‍ത്ഥത്തില്‍ അത്തരം ഒരു ശ്രമം വെറുതെ ആയതിനാല്‍ അവരുടെ ഗ്രാന്റ് സ്‌ലാം നേട്ടങ്ങള്‍ കണക്കുകളിലൂടെ പരിശോധനക്ക് വിധേയമാക്കുക ആണ് ഇവിടെ. ചരിത്രത്തിലെ ഏറ്റവും മഹാന്മാര്‍ ആയ രണ്ടു താരങ്ങളുടെ ഗ്രാന്റ് സ്‌ലാം നേട്ടങ്ങള്‍ നമുക്ക് പരിശോധിക്കാം.
39 കാരനായ റോജര്‍ ഫെഡറര്‍ 2003 ൽ വിംബിള്‍ഡണ്‍ കിരീടനേട്ടം കൈവരിച്ച് കൊണ്ടാണ് ആദ്യമായി ഗ്രാന്റ് സ്‌ലാം കിരീടം എന്ന നേട്ടം കൈവരിക്കുന്നത്. അന്ന് 22 കാരന്‍ ആയ ഫെഡറര്‍ തന്റെ ആദ്യ ഫൈനലില്‍ തന്നെ കിരീടം ഉയര്‍ത്തി. തുടര്‍ന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട പുല്‍ മൈതാനത്ത് ഫെഡറര്‍ 7 തവണ കൂടി കിരീടം ഉയര്‍ത്തി.
2003 മുതല്‍ 2007 വരെ തുടര്‍ച്ചയായി 5 തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ ഫെഡറര്‍ 2009, 2012, 2017 കൊല്ലങ്ങളിലും ഈ നേട്ടം ആവര്‍ത്തിച്ചു. ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ ഉയര്‍ത്തിയ ഫെഡറര്‍ 2004 ല്‍ ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്. തുടര്‍ന്ന് 2006, 2007, 2010, 2017, 2018 വര്‍ഷങ്ങളിലും ഫെഡറര്‍ മെല്‍ബണില്‍ കിരീടം ഉയര്‍ത്തി. 5 തവണയാണ് ഫെഡറര്‍ യു.എസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തിയത്. 2004 ല്‍ ആദ്യമായി യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട ഫെഡറര്‍ 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി 5 തവണ ന്യൂയോര്‍ക്കില്‍ ഫെഡറര്‍ കിരീടം സ്വന്തം പേരിലാക്കി. അതേസമയം എന്നും കളിമണ്ണ് മൈതാനം ബുദ്ധിമുട്ട് ആയിരുന്ന ഫെഡറര്‍ 2009 ല്‍ തന്റെ ഏക ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഉയര്‍ത്തി. ഇങ്ങനെ 20 ഗ്രാന്റ് സ്‌ലാമുകള്‍ ആണ് ഫെഡറര്‍ക്ക് സ്വന്തം. 31 തവണ ഗ്രാന്റ് സ്‌ലാം ഫൈനല്‍ കളിച്ച ഫെഡറര്‍ 11 തവണയാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്.
34 കാരന്‍ ആയ റാഫേല്‍ നദാല്‍ 2005 ല്‍ തന്റെ 19 മത്തെ വയസ്സില്‍ ആണ് ആദ്യമായി ഒരു ഗ്രാന്റ് സ്‌ലാം കിരീടം ഉയര്‍ത്തുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് മൈതാനത്ത് 2005 ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തിയ നദാല്‍ തുടര്‍ന്ന് 12 തവണ കൂടി ആ നേട്ടം ആവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ നാലു തവണ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ 2010 മുതല്‍ 2014 വരെ തുടര്‍ച്ചയായി 5 തവണയും ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി. തുടര്‍ന്ന് 2017 മുതല്‍ 2020 വരെ തുടര്‍ച്ചയായി 4 തവണയും ഈ നേട്ടം നദാല്‍ ആവര്‍ത്തിച്ചു. 2008 ല്‍ ആദ്യമായി വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ നദാല്‍ 2010 ല്‍ ആ നേട്ടം വീണ്ടും ആവര്‍ത്തിച്ചു. 2009 ല്‍ തന്റെ ഏക ഓസ്‌ട്രേലിയന്‍ ഓപ്പണും നദാല്‍ സ്വന്തമാക്കി. 4 തവണ യു.എസ് ഓപ്പണ്‍ ഉയര്‍ത്തിയ നദാല്‍ 2010 ല്‍ ആണ് ആദ്യമായി ന്യൂയോര്‍ക്കില്‍ കിരീടം ചൂടുന്നത്. തുടര്‍ന്നു 2013, 2017, 2019 വര്‍ഷങ്ങളിലും നദാല്‍ നേട്ടം ആവര്‍ത്തിച്ചു. 28 തവണ ഗ്രാന്റ് സ്‌ലാം ഫൈനലുകള്‍ കളിച്ച നദാല്‍ 8 തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരസ്പര പോരാട്ടങ്ങളില്‍ ഒന്നായ ഫെഡറര്‍ നദാല്‍ പോരാട്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് വലിയ ആവേശം ആണ് നല്‍കിയത്. 40 തവണ കരിയറില്‍ മുഖാമുഖം വന്ന ഇരുതാരങ്ങളും ഗ്രാന്റ് സ്‌ലാമുകളില്‍ 14 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 9 തവണയും ഇരുവരും ഗ്രാന്റ് സ്‌ലാം ഫൈനലില്‍ ആണ് ഏറ്റുമുട്ടിയത്. ടെന്നീസിലെ ഒരു റെക്കോര്‍ഡ് ആണ് ഈ നേട്ടം. 9 ഫൈനലുകളില്‍ 6 തവണ നദാല്‍ ജയം കണ്ടപ്പോള്‍ 3 തവണയാണ് ഫെഡറര്‍ ജയിച്ചത്. 2006 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ആണ് ഇരുവരും ആദ്യമായി മുഖാമുഖം വന്നത് അന്ന് നാലു സെറ്റ് പോരാട്ടം ജയിച്ച നദാല്‍ കിരീടം സ്വന്തം പേരില്‍ കുറിച്ചു. ആ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലില്‍ നദാലിനെ സമാനമായി മറികടന്ന ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ തോല്‍വിക്ക് പ്രതികാരം ചെയ്തു. 2007 ല്‍ സമാനമായിരുന്നു കാര്യങ്ങള്‍ ഫ്രഞ്ച് ഓപ്പണില്‍ നദാലും വിംബിള്‍ഡണില്‍ ഫെഡററും പരസ്പരം ഫൈനലില്‍ വന്നപ്പോള്‍ ജയിച്ച് കയറി.
2008 ല്‍ നദാലിനോട് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കീഴടങ്ങിയ ഫെഡറര്‍ വിംബിള്‍ഡണിലും സമാനമായ വിധി തന്നെ നേരിട്ടു. 2008 ലെ 5 സെറ്റ് നീണ്ട ഐതിഹാസിക പോരാട്ടം ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്നാണ്, അന്നത്തെ ആ ജയം നദാലിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലും ഒന്നാണ്. 2009 തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ വീണ്ടുമൊരു അവിസ്മരണീയ 5 സെറ്റ് പോരാട്ടത്തിനു ഒടുവില്‍ നദാല്‍ കിരീടം ഉയര്‍ത്തി. 2011 ല്‍ ഒരിക്കല്‍ കൂടി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ നദാലിന്റെ മികവിന് മുന്നില്‍ അടിയറവ് പറഞ്ഞു. തുടര്‍ന്ന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇരുവരും ഒരു ഗ്രാന്റ് സ്‌ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരം എന്നു വിളിച്ച 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അവിസ്മരണീയമായ പോരാട്ടം ആണ് ഇരുവരും പുറത്ത് എടുത്തത്. മണിക്കൂറുകള്‍ നീണ്ട 5 സെറ്റ് പോരാട്ടത്തിനു ഒടുവില്‍ ഫെഡറര്‍ക്ക് ആയിരുന്നു ഈ മത്സരത്തില്‍ ജയം.
ഇരുവര്‍ക്കും ഇടയിലുള്ള 40 ഗ്രാന്റ് സ്‌ലാം കിരീടങ്ങള്‍ക്കും നിരവധി എ ടി പി കിരീടങ്ങള്‍ക്കും ഒക്കെ ഒട്ടനവധി ചരിത്രം തന്നെയാണ് പറയാനുള്ളത്. ചരിത്രം കണ്ട ഏറ്റവും മഹത്തായ പോരാട്ടത്തില്‍ ഇരുവരും സമ്മാനിച്ചത് ഒട്ടനവധി അപൂര്‍വ്വ നിമിഷങ്ങള്‍ കൂടിയാണ്. കരിയര്‍ അവസാനിക്കുമ്ബോള്‍ ആരാണ് ഏറ്റവും കൂടുതല്‍ ഗ്രാന്റ് സ്‌ലാം കിരീടനേട്ടങ്ങള്‍ കൈവരിക്കുക എന്നു പറയുക എളുപ്പമല്ല, പ്രത്യേകിച്ച് 17 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളും ആയി ജ്യോക്കോവിച്ച് ഇരുവരെയും പിന്തുടരുമ്പോൾ. പക്ഷെ ആരു ചരിത്രത്തില്‍ ഒന്നാമത് എത്തിയാലും ടെന്നീസില്‍ എന്നും റോജര്‍ ഫെഡറര്‍ എന്ന പേരിനൊപ്പം റാഫേല്‍ നദാല്‍ എന്നും റാഫേല്‍ നദാല്‍ എന്ന പേരിനൊപ്പം റോജര്‍ ഫെഡറര്‍ എന്നും എല്ലാ കാലവും ചേര്‍ത്ത് പറയും എന്നുറപ്പാണ്, കാരണം ഇവരില്‍ ഒരാള്‍ ഇല്ലാതെ മറ്റൊരാള്‍ പൂര്‍ണമാവുന്നില്ല എന്നതാണ് സത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.