ബാംഗ്ലൂരിന് തകർപ്പൻ ജയം

ബാംഗ്ലൂരിന് തകർപ്പൻ ജയം

ഷാർജ:  ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡിവില്ലിയേഴ്സ് ആണ് മാൻ ഓഫ് ദി മാച്ച്.

195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബൗളർമാരുടെ മികവിലാണ് ബാംഗ്ലൂർ വിജയം പിടിച്ചത്. സീസണിൽ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്.

ബാംഗ്ലൂരിനായി നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലും നാല് ഓവറിൽ 20 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ വെറും 17 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിനായി പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തു.

195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ ഒഴികെ ആർക്കും തന്നെ കാര്യമായ സംഭാവനകൾ നൽകാനായില്ല. 25 പന്തുകൾ നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 34 റൺസെടുത്ത ഗില്ലാണ് കൊൽക്കത്ത നിരയിലെ ടോപ് സ്കോറർ.

സീസണിലെ ആദ്യ മത്സരം കളിക്കുന്ന ടോം ബാന്റൺ (8), നിതീഷ് റാണ (9), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (1), ഓയിൻ മോർഗൻ (8) എന്നിവരെ രണ്ടക്കം കാണാൻ പോലും ബാംഗ്ലൂർ ബൗളർമാർ അനുവദിച്ചില്ല.

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സൽ ഇസുരു ഉദാനയുടെ 14-ാം ഓവറിൽ തകർത്തടിച്ചെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിച്ചു. 10 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 16 റൺസ് മാത്രമായിരുന്നു റസ്സലിന്റെ സമ്പാദ്യം.

രാഹുൽ ത്രിപാഠി (16), പാറ്റ് കമ്മിൻസ് (1), കമലേഷ് നാഗർകോട്ടി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കെറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി കരസ്ഥമാക്കിയ എ ബി ഡിവില്ലിയേഴ്‌സിന്റെ മികച്ച ഇന്നിംഗ്സ് ആണ് ബാംഗ്ലൂരിനെ 194ല്‍ എത്തിച്ചത്. അദ്ദേഹം 33 പന്തുകളില്‍ 5 സിക്‌സും ആറു ഫോറും അടക്കം 73 റന്‍സുകള്‍ നേടി പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ ഡിവില്ലേഴ്‌സ് കോഹ്ലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.28 പന്തുകള്‍ നേരിട്ട കോലി 33 റണ്‍സോടെ പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവദത്ത് പടിക്കലും പതിയെ ആണെങ്കിലും മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. പവര്‍ പ്ലേ ഓവറുകളില്‍ 47 റണ്‍സാണ് ബാംഗ്ലൂര്‍ സ്കോര്‍ ബോര്‍ഡിലെത്തിയത്. 7.4 ഓവറില്‍ 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

കൊൽക്കത്തക്ക് വേണ്ടി പ്രസിദ് കൃഷ്ണയും റസ്സലും ഓരോ വിക്കറ്റു വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.