അടുത്ത വർഷം മുതല്‍ രാജ്യത്ത് മൂല്യവർദ്ധിത നികുതി നടപ്പിലാക്കാന്‍ ഒമാന്‍ തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ അഞ്ച് ശതമാനം വാറ്റ് നടപ്പാക്കാനുളള തീരുമാനം ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖാണ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിനായി വകുപ്പുകള്‍ സംയുക്തമായി രൂപരേഖയുണ്ടാക്കും. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമായിരിക്കും മൂല്യവർദ്ധിത നികുതി. ഭക്ഷ്യവസ്തുക്കൾ, ചികിത്സാ ഉപകരണങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വീടുകളുടെ പുനർവിൽപ്പന, വീട്ടുവാടക , പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് വാറ്റ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. യുഎഇയും സൗദിയും നേരത്തെ തന്നെ വാറ്റ് നടപ്പിലാക്കിയിരുന്നു.