കോള്‍നി ജീവിതം തിരിച്ചു പിടിച്ചു; പതിനായിത്തിലേറെ എച്ച്‌ഐവി ബാധിതര്‍ക്ക് തണലാണ് ഇപ്പോള്‍ ഈ വനിത

കോള്‍നി ജീവിതം തിരിച്ചു പിടിച്ചു; പതിനായിത്തിലേറെ എച്ച്‌ഐവി ബാധിതര്‍ക്ക് തണലാണ് ഇപ്പോള്‍ ഈ വനിത

വനിതകള്‍ എന്നും സമൂഹത്തിന് ശക്തിയാണ്... കുടുംബത്തിലായാലും പുറത്തായാലും ആ ശക്തി അങ്ങനെ പ്രതിഫലിച്ച് നില്‍ക്കും...കാലവും ചരിത്രവും അവ പല തവണ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്തരമൊരു മാതൃകയാണ് മിസോറാമില്‍ നിന്നുള്ള വന്‍ലാല്‍റുവാട്ടി കോള്‍നി എന്ന വനിത. കാരണം ഇവര്‍ കടന്നു ചെന്നത് ആരും ഒന്നു മാറി നില്‍ക്കുന്ന ചിലരിലേക്കാണ്.

പതിനായിരത്തിലേറെ എച്ച്‌ഐവി ബാധിതര്‍. അവര്‍ക്ക് ജോലി കണ്ടെത്താനും സാധാരണ ജീവിതം നയിക്കാനും സഹായിച്ച വ്യക്തിയാണവര്‍. എയ്ഡ്സിന് കാരണമായ വൈറസാണ് എച്ച്‌ഐവി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്. ഈ രോഗം ബാധിച്ച ആളുകളുടെ അടുത്ത് വരാന്‍ പോലും മറ്റുള്ളവര്‍ മടി കാണിക്കുന്ന തരത്തിലുള്ള ശക്തമായ പോതുബോധം നിലനില്‍ക്കവെയാണ് ഈ രോഗത്തോട് പോരാടി ജീവിക്കുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി ഈ വനിത ധീരമായി കടന്നു വന്നത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ മയക്കുമരുന്നിന് ഇരയായ കോള്‍നി ഞരമ്പുകളിലേക്ക് നേരിട്ട് മയക്കുമരുന്ന് കുത്തിവെച്ചതിന്റെ ഫലമായി ഇരുപതാം വയസില്‍ എച്ച്‌ഐവി ബാധിതയാവുകയായിരുന്നു. കോള്‍നിയ്ക്ക് അതിനുശേഷം പ്രത്യേക തരം ത്വക്കുരോഗം ഉണ്ടാവുകയും ശരീരമാകെ പൊട്ടകയും ചെയ്തു. പിന്നീട് മുടി പൊഴിയാന്‍ തുടങ്ങി. അണുബാധയെ തുടര്‍ന്നുള്ള ഫ്ളൂയിഡ് ഡിസ്ചാര്‍ജ് മൂലം തൊലി കിടക്കവിരിയോട് പറ്റിപ്പിടിക്കുന്ന സ്ഥിതിയുണ്ടായി.

ആശുപത്രി ജീവനക്കാര്‍ ആ കിടക്കവിരി തൊടാന്‍ വിസമ്മതിക്കുമായിരുന്നു എന്നും സ്വന്തമായാണ് അവ വൃത്തിയാക്കിയിരുന്നതെന്നും കോള്‍നി പറയുന്നു. പ്രത്യേകിച്ച് മിസോറാമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ എച്ച്‌ഐവിയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കാര്യമായ അവബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

കുറച്ച് കഴിഞ്ഞപ്പോള്‍ കോള്‍നിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടാന്‍ തുടങ്ങി. അത് കോള്‍നിയെ ആകെ ഒന്നുലച്ചു. എങ്കിലും എച്ച്‌ഐവിയെ പൊരുതി തോല്‍പ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം കൈവിടാത്ത കോള്‍നി വീട്ടില്‍ നിന്ന് തന്നെ ഡീ-അഡിക്ഷന്‍ ആരംഭിച്ചു. പിന്നീട് പ്രാദേശികമായ ഒരു ചര്‍ച്ച് ഗ്രൂപ്പിന്റെ ഭാഗമായ കോള്‍നി തന്നെപ്പോലെ എച്ച്‌ഐവി ബാധിതരായ അനേകം രോഗികളെ സഹായിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് 2017-ല്‍ എച്ച്‌ഐവി ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ട സഹായവും പിന്തുണയും നല്‍കാന്‍ ഒരു സംഘടന അവര്‍ ആരംഭിച്ചത്. വുമണ്‍സ് നെറ്റ് വര്‍ക്ക് ഓഫ് മിസോറാം (പി ഡബ്ള്യൂ എന്‍ എം) എന്ന സംഘടനയുടെ ലക്ഷ്യം എച്ച്‌ഐവി ബാധിതരായ സ്ത്രീകളെ സമാനരായ ആളുകളുമായും അവരുടെ ക്ഷേമത്തിനായും സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധപ്പെടുത്തുക എന്നതായിരുന്നു.

ഇത് മിസോറാമില്‍ പതിനായിരത്തിലേറെ ആളുകള്‍ക്കാണ് സഹായമായി മാറിയത്. കോവിഡ് 19 മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ടവരും മയക്കുമരുന്നിന് അടിമപ്പെട്ടവരുമായ ആളുകള്‍ക്ക് പിന്തുണയുമായി ഈ സംഘടനയെത്തി. ഇപ്പോള്‍ എന്‍ജിഒ ഗൂഞ്ചുമായും യുഎന്‍ എയ്ഡ്സുമായും സഹകരിച്ചാണ് പി ഡബ്ള്യൂ എന്‍ എം പ്രവര്‍ത്തിക്കുന്നത്. എച്ച്‌ഐവിയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രതിബന്ധമായി മാറിയിട്ടുണ്ടെന്ന് കോള്‍നി പറയുന്നു. ആളുകള്‍ തങ്ങളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നിലയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ 37 വയസ് പ്രായമായ കോള്‍നി പൂര്‍ണമായും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്.

കഴിഞ്ഞ 18 വര്‍ഷക്കാലം ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നും കോള്‍നി പറയുന്നു. കോള്‍നിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം ദേശീയ അംഗീകാരം നേടുന്ന തലത്തിലേക്ക് അവരെ വളര്‍ത്തുകയായിരുന്നു. 2019-ല്‍ ആരോഗ്യ വിഭാഗത്തില്‍ വുമണ്‍ എക്സംപ്ലര്‍ അവാര്‍ഡ് കോള്‍നിയ്ക്ക് ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.