തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടങ്ങി

തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടങ്ങി

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടങ്ങി. പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയം സംബന്ധിച്ച് വിശദീകരണം നല്‍കും.

ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തിരിച്ചു വരവ് എങ്ങനെ എന്ന കാര്യത്തില്‍ ഊന്നിയാവും ചര്‍ച്ച. സംസ്ഥാനങ്ങളില്‍ സംഘടനാതലത്തിലടക്കം അഴിച്ചുപണികള്‍ നടത്തുന്നതിന് ദേശീയ നേതാക്കളുള്‍പ്പെട്ട   സമിതികള്‍ക്ക്     രൂപം നല്‍കുന്നതും  പരിഗണനയിലുണ്ട്.

തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും തിരുത്തലുകള്‍ നിര്‍ദേശിക്കാനും പ്രത്യേക സമിതിക്കു രൂപം നല്‍കിയേക്കും. കേരളത്തില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ മാറ്റേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുള്‍പ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. ലോക്ഡൗണ്‍ അവസാനിച്ച ശേഷമാവും ഇവര്‍ കേരളത്തിലെത്തുക.

തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി ഗൗരവമായി പരിശോധിക്കണമെന്നു മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള പ്രവര്‍ത്തനരീതിയില്‍ കബില്‍ സിബല്‍ അടക്കമുള്ള ഏതാനും നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ട്. സമീപകാലത്ത് കോണ്‍ഗ്രസ് നടത്തിയ ഏറ്റവും മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന യോഗത്തില്‍ ഇവരില്‍ ചിലര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനുള്ള സാധ്യതയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.