ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: പരസ്പര കുറ്റപ്പെടുത്തലുമായി ബിഹാറും യുപിയും

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: പരസ്പര കുറ്റപ്പെടുത്തലുമായി ബിഹാറും യുപിയും

പട്ന: ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം വിവാദമായതോടെ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും. നദിയില്‍ ആരാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിട്ടത് എന്നത് സംബന്ധിച്ചതാണ് തര്‍ക്കം. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായില്ല.

ഗംഗാ നദിയില്‍ കൂട്ടത്തോടെ മൃതദേഹം തള്ളിയത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ ടാഗ് ചെയ്തും സംഭവത്തില്‍ കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഗംഗാ നദി ശുദ്ധീകരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം അന്വേഷണം നടത്തണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

ചൗസയിലെ മഹാദേവ് ഘട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നും ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ജാ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍, യുപി അതിര്‍ത്തിയായ റാണിഘട്ടില്‍ ബിഹാര്‍ വല സ്ഥാപിച്ചു.

യുപിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബിഹാര്‍ പറയുന്നത്. എന്നാല്‍ ഇത് യുപി അംഗീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം യുപിയിലെ ഗാസിപുരിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുപിയിലെ ബലിയയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്ത വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.