ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്സ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്സ്

ഡബ്‌ളിന്‍: കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ ആണെങ്കിലും പ്രമുഖ കായിക താരങ്ങളുടെ വരുമാനത്തിലും പ്രതിഫലത്തിലും വലിയ മാറ്റങ്ങളൊന്നും ദൃശ്യമാകുന്നില്ല. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 10 സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരവും അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലെ(യുഎഫ്‌സി) പ്രമുഖനുമായ കോണര്‍ മഗ്രഗോര്‍ ഒന്നാം സ്ഥാനത്ത്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടത്.

32 വയസ്സ്‌കാരനായ മഗ്രഗോര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ മറികടന്നത് ഫുട്‌ബോള്‍ ലോകത്തെ രാജാക്കന്മാരായ മെസ്സിയേയും റൊണാള്‍ഡോയേയുമാണ്. തന്റെ കരിയറില്‍ ആദ്യമായാണ് താരം ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഫോബ്‌സ് പട്ടികയില്‍ പതിവുകാരനല്ലാത്ത മഗ്രഗോര്‍ 2020ല്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ഗോദയില്‍ ഇറങ്ങിയതെങ്കിലും ആ മല്‍സരത്തിലെ അവിസ്മരണീയ ജയത്തിന് ശേഷം 22 മില്യന്‍ ഡോളറാണ് താരത്തിന് നേടാനായത്. ഡൊണാള്‍ഡ് സേറോണിനെതിരെ കഴിഞ്ഞ ജനുവരിയില്‍ നേടിയ വിജയം താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏക മത്സരവുമായിരുന്നു. ഏകദേശം 180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്തെ പ്രതിഫല കണക്കുകള്‍ മാത്രമാണിത്. മെയ് 1, 2020 മുതല്‍ മെയ് 1, 2021 വരെ താരങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുകയടക്കം ഇതില്‍ ഉള്‍പ്പെടും.

പട്ടികയില്‍ ബാക്കിയുള്ള സ്ഥാനങ്ങളെടുത്താല്‍ രണ്ടാം സ്ഥാനത്ത് ബാഴ്സിലോണയുടെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. ഈ വര്‍ഷത്തോടെ ബാഴ്സയുമായി കരാര്‍ അവസാനിക്കുന്ന മെസ്സിയുടെ പോയവര്‍ഷത്തെ സമ്പാദ്യം 130 മില്യന്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ളത് മെസ്സിയുടെ എതിരാളിയായ യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 120 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ പോയവര്‍ഷത്തെ പ്രതിഫലം.

അമേരിക്കന്‍ ഫുട്ബോള്‍ ഡല്ലാസ് കൗബോയിയുടെ ക്വാര്‍ട്ടര്‍ബാക്കായ ഡാക്ക് പ്രസ്‌കോട്ടാണ് നാലാം സ്ഥാനത്ത്. 107.5 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അഞ്ചാം സ്ഥാനത്ത് അമേരിക്കയുടെ ബാസ്‌കറ്റ്ബോള്‍ താരവും ലോസ് ഏഞ്ചല്‍സ് ലേക്കര്‍സിന്റെ പ്രധാന താരവുമായ ലെബ്രോണ്‍ ജെയിംസാണ്. 36കാരനായ താരത്തിന് 96.5 ദശലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.

ആറാം സ്ഥാനത്ത് പിഎസ്ജിയുടെയും ബ്രസീലിന്റേയും സൂപ്പര്‍ താരമായ നെയ്മറാണ്. 29കാരനായ താരത്തിന് 95 ദശലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് നെയ്മര്‍. ഏഴാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററാണ്. 90 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.

അമേരിക്കയുടെ ഫോര്‍മുല വണ്‍ കാര്‍ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനാണ് എട്ടാം സ്ഥാനത്ത്. മൈക്കല്‍ ഷുമാക്കറുടെ ലോകകിരീട റെക്കോഡിനെ കടത്തിവെട്ടാനൊരുങ്ങുന്ന ഹാമില്‍ട്ടന് 82 ദശലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒമ്പതാം സ്ഥാനത്ത് അമേരിക്കന്‍ ഫുട്ബോള്‍ താരം ടോം ബ്രാഡിയാണ്. 76 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.10ാം സ്ഥാനത്ത് അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരവും എന്‍ ബി എയില്‍ ബ്രൂക്ക്‌ലിന്‍ നെറ്റ്‌സിന് വേണ്ടി കളിക്കുന്ന കെവിന്‍ ഡുറാന്റാണ്. 75 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.