സിന്യൂസ് ലൈവ് ജനങ്ങളിലേക്ക്; ഉദ്ഘാടനം മെയ് 22-ന്

സിന്യൂസ് ലൈവ് ജനങ്ങളിലേക്ക്;  ഉദ്ഘാടനം മെയ് 22-ന്

ടെക്സസ്: വാര്‍ത്തകളുടെ ലോകത്ത് പുതുമകളുമായി എത്തുന്ന ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സിന്റെ വാര്‍ത്താ പോര്‍ട്ടല്‍ സിന്യൂസ് ലൈവ് മെയ് 22-ന് കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സമയം വൈകുന്നേരം ആറിന് നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ മുന്‍ സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ക്ലിമീസ് മാര്‍ ബസേലിയസ്, കെ.ആര്‍.എല്‍.സി.ബി.സി അധ്യക്ഷന്‍ മാര്‍ ജോസഫ് കരിയില്‍, കെ.സി.ബി.സി മീഡിയാ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഡോ. തീയോഡോഷ്യസ് മാര്‍ തോമാ മെത്രാപ്പൊലീത്ത, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, മന്ത്രി കെ.കെ ഷൈലജ, എം.പിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കും.

ഷെവലിയാര്‍ ബെന്നി പുന്നത്തറ, സിനിമ താരങ്ങളായ ജഗദീഷ്, സിജോയ് വര്‍ഗീസ്, മിഥുന്‍ രമേശ്, കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, ബ്രദര്‍ സന്തോഷ് കരുമാത്ര, എ.കെ.സി.സി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, വര്‍ഗീസ് തോമസ്, ലിസി ഫെര്‍ണാണ്ടസ്, ജയ്മോന്‍ ജോസഫ്, ജോസഫ് ദാസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസ അര്‍പ്പിക്കും.

ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ നേരിന്റെ പക്ഷത്തുനിന്ന് ജനങ്ങളിലെത്തിക്കുന്ന ദൗത്യമാണ് സിന്യൂസ് ലൈവ് ഏറ്റെടുത്തിട്ടുള്ളത്. ഇതിനായി ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മികച്ച പ്രൊഫഷണലുകള്‍ നിസ്വാര്‍ഥ സേവനമനുഷ്ഠിക്കുന്നു. പരസ്യങ്ങളുടെ അകമ്പടി ഇല്ലാതെ വാര്‍ത്തകള്‍ വ്യക്തമായും കൃത്യമായും വായനക്കാരിലേക്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് ഈ പോര്‍ട്ടല്‍. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വാര്‍ത്തകള്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം വാര്‍ത്തയുടെ ഉള്ളറകളിലേക്കു കടന്നു ചെല്ലുന്ന വാര്‍ത്താ അവലോകനങ്ങളും സിന്യൂസ് ലൈവിന്റെ പ്രത്യേകതയാണെന്ന് ചീഫ് എഡിറ്റര്‍ ജോ കാവാലം പറഞ്ഞു.

ആഗോള മലയാളികളുടെ സംരംഭമായ സീന്യൂസ് ലൈവ് ഓണ്‍ലൈന്‍ മലയാളം പത്രത്തിന്റെ ഉദ്ഘടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബെന്നി ആന്റോ, സിസിലി ജോണ്‍, വിനോ പീറ്റേഴ്‌സണ്‍, അഭിലാഷ് തോമസ്, വിപിന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.