ഷാർജ: ഷാർജയില്‍ നടന്ന കുട്ടികളുടെ വായനോത്സവത്തിന് ഇത്തവണയെത്തിയ് 80,000 സന്ദർശകർ. 'നിങ്ങളുടെ ഭാവനയ്ക്കായി' എന്ന ആപ്ത വാക്യത്തിലൂന്നി തല്‍സമയ വർക്ക് ഷോപ്പുകളും കലാ സാഹിത്യ വിനോദ വിജ്ഞാന പരിപാടികളുമായാണ് വായനോത്സവം ഇത്തവണ അരങ്ങേറിയത്.
കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെടുത്തുകൊണ്ടായിരുന്നു വായനോത്സവം നടത്തിയത്. 15 രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരും പ്രസാധകരും വായനോത്സവത്തിന്റെ ഭാഗമായി. ഷാർജ ഭരണാധികാരി ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തില്‍ അദ്ദേഹത്തിന്റെ പത്നിയും കുടുംബകാര്യസുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാർഗനിർദ്ദേശത്തിലാണ് വായനോത്സവത്തിന്റെ പന്ത്രണ്ടാം പതിപ്പ് എക്സ്പോ സെന്ററില്‍ വിജയകരമായി പൂർത്തിയാക്കിയത്.
വായനോത്സവത്തിന്റെ 12 വർഷത്തെ ചരിത്രത്തില്‍ പുതിയ ഏടെഴുതി ചേർത്തു 2021 ലെ വായനോത്സവം. അബുദാബിയിലേക്കും ദുബായിലേക്കും ഫുജൈറയിലേക്കും റാസല്‍ഖൈമയിലേക്കും വായനോത്സവം വിരുന്നിനുപോയി. വായനോത്സവത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. മെയ് 19 മുതല്‍ 29 വരെ നീണ്ടു നിന്ന വായനോത്സവത്തില്‍ 171 പ്രസാധകരും 32 അറബ് അന്താരാഷ്ട്ര എഴുത്തുകാരും പങ്കാളികളായി. ഇതുകൂടാതെ വിനോദ വിജ്ഞാന പരിപാടികളും വായനോത്സവത്തില്‍ നടന്നു.
വായനോത്സവത്തിന്റെ വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. 2021 ലെ ഈ വായനോത്സവം കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും പ്രിയപ്പെട്ട എഴുത്തുകാരെ കാണാനുമുളള അവസരമൊരുക്കി. കുട്ടികളിലെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. ഷാർജ ഭരണാധികാരിയുടെയും പത്നിയുടേയും ദീർഘവീക്ഷണമാണ് വായനോത്സവത്തിന്റെ വിജയത്തിന്റെ അടിത്തറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി
വിനോദവും വിജ്ഞാനവും പകരുന്ന നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും കുട്ടികള്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞുവെന്ന് വായനോത്സവത്തിന്റെ ജനറല്‍ കോർഡിനേറ്റ കൗള അല്‍ മുജൈനി പറഞ്ഞു.
കൗള അല്‍ മുജൈനി
മലയാളികള്‍ ഉള്‍പ്പടെയുളള നിരവധി കുട്ടികളാണ് ഇത്തവണ വായനോത്സവത്തിന്റെ ഭാഗമായത്.കോവിഡ് കാലത്ത് വീടിന്റെ നാലുചുമരുകള്‍ക്കുളളില്‍ ഒതുങ്ങിയ ബാല്യങ്ങള്‍ക്ക് വിനോദവിജ്ഞാന വർണങ്ങളുടെ ലോകത്തേക്കുളള മടക്കം കൂടിയായിരുന്നു വായനോത്സവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.