വാക്‌സിന്‍ നയത്തില്‍ മാ‌റ്റം; ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും: പ്രധാനമന്ത്രി

വാക്‌സിന്‍ നയത്തില്‍ മാ‌റ്റം; ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ ലഭ്യമാക്കും. രാജ്യത്തിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്ത് പുതുതായി രണ്ട് വാക്സിന്‍ കൂടി വരും. നിലവില്‍ ഏഴ് കമ്പനികള്‍ വാക്സിനുകള്‍ നിര്‍മിക്കുന്നുണ്ട്. മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളിലുള്ള വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്സിന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കുമെന്നും മോഡി വ്യക്തമാക്കി.

വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. 75 ശതമാനം വാക്സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും.

ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം കാണാത്ത തരം മഹാമാരിയാണിത്. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന് വാക്സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വിരളമായിരുന്നു. ഇന്ത്യ വാക്സിന്‍ നിര്‍മ്മാണം ആരംഭിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇപ്പോള്‍ 23 കോടി വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. പുതിയ വാക്സിനായുളള പരീക്ഷണങ്ങള്‍ തുടരുന്നു. കുട്ടികള്‍ക്കുളള വാക്സിന്‍ പരീക്ഷണവും നടക്കുകയാണ്. മൂക്കിലൂടെ നല്‍കുന്ന വാക്സിനുകളുടെയും പരീക്ഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.