പതിനേഴാം മാർപ്പാപ്പ വി. ഉര്‍ബന്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-18)

പതിനേഴാം മാർപ്പാപ്പ  വി. ഉര്‍ബന്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-18)

വി. കലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലശേഷം ഏ.ഡി. 222-ല്‍ വി. ഉര്‍ബന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തിരുസഭയുടെ പതിനേഴാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. റോമന്‍ ചക്രവര്‍ത്തിയായ അലക്‌സാണ്ടര്‍ സെവെരൂസിന്റെ കാലത്താണ് അദ്ദേഹം തിരുസഭയുടെ ഇടയനായി തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചത്. തന്റെ മുന്‍ഗാമികളായിരുന്ന മറ്റു റോമന്‍ ചക്രവര്‍ത്തിമാരെപ്പോലെ ക്രിസ്ത്യാനികള്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചുവിടുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഉര്‍ബന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം സമാധാനം നിറഞ്ഞതും ക്രിസ്തുമത വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതുമായിരുന്നു. ഉര്‍ബന്‍ മാര്‍പ്പാപ്പയുടെ ആദ്യകാല ജീവതത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ ആഴത്തിൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്ദേഹം ഏ.ഡി. 175-ല്‍ റോമില്‍ ജനിച്ചുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പോന്‍സിയാനൂസായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

തിരുസഭയ്ക്ക് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും കാലമായിരുന്നു ഉര്‍ബന്‍ മാര്‍പ്പാപ്പയുടെ ഭരണകാലമെന്നതിനാല്‍ തന്നെ സഭ റോമിലും റോമാസാമ്രാജ്യത്തിലും വളരെയധികം വികസിക്കുകയും വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. സിയന്നായിലെ വി. സിസിലിയുടെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും ഉര്‍ബന്‍ മാര്‍പ്പാപ്പ മാനസാന്തരപ്പെടുത്തിയെന്നും ആ മാനസാന്തരം സിസിലിയുടെയും മറ്റുള്ളവരുടെയും മാനസാന്തരത്തിലേയ്ക്ക് നയിച്ചുവെന്നും ഐതീഹ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

സഭയുടെ വളര്‍ച്ചയുടെ കാലമായിരുന്നുവെങ്കിലും ഒത്തിരിയധികം വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. കലിസ്റ്റസ് മാര്‍പ്പാപ്പയുടെ കാലത്ത് എതിര്‍ മാര്‍പ്പാപ്പയായി സ്വയം പ്രഖ്യാപിച്ച ഹിപ്പോളിറ്റസും അദ്ദേഹത്തിന്റെ അനുയായികളും ഉര്‍ബന്‍ മാര്‍പ്പാപ്പയോടും നിസ്സഹരണത്തിന്റെയും നിസംഗതയുടെയും മനോഭാവം തുടര്‍ന്നു. കലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഹിപ്പോളിറ്റസിനോടും അദ്ദേഹത്തിന്റെ അനുയായികളോടും കാണിച്ച അതേ മനോഭാവംതന്നെ ഉര്‍ബന്‍ മാര്‍പ്പാപ്പയും പ്രദര്‍ശിപ്പിച്ചു. 

ഐതീഹ്യമനുസരിച്ച് അല്‍മാക്കിയൂസ് എന്ന റോമന്‍ നേതാവ് വി. സിസിലിയുടെ ശിരഛേദം നടത്തിയെന്നും ഏകദേശം 5000 ആള്‍ക്കാരെ മാനസാന്തരപ്പെടുത്തുന്നതിനായി വി. സിസിലിയോടൊപ്പം ഉര്‍ബന്‍ മാര്‍പ്പാപ്പ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുകയും മാര്‍പ്പാപ്പയെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയില്‍ വാസത്തിനിടയിലും അദ്ദേഹം ജയില്‍ സൂക്ഷിപ്പുക്കാരെയും ജയില്‍ വാസികളെയും മാനസാന്തരപ്പെടുത്തുകയും ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു.

ആല്‍മാക്കിയൂസ് റോമന്‍ ദേവന് ആരാധനയര്‍പ്പിക്കുവാന്‍ ഉര്‍ബന്‍ മാര്‍പ്പാപ്പയെ നിര്‍ബന്ധിച്ചു. എന്നാല്‍ അധികാരികളുടെ  നിര്‍ബന്ധത്തിന് വശംവദനാകാതെ നിന്ന ഉര്‍ബന്‍ മാര്‍പ്പാപ്പ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി റോമന്‍ ദേവന്റെ പ്രതിമ നിലംപതിക്കുകയും അതിന്റെ അടിയില്‍പ്പെട്ട് 22 വിജാതീയ പുരോഹിതന്മാര്‍ മരിക്കുകയും ചെയ്തു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും റോമന്‍ ദേവന്മാമാര്‍ക്ക് ആരാധനയര്‍പ്പിക്കുവാന്‍ മാര്‍പ്പാപ്പ വിസമ്മതിച്ചു. അതിനെതുടര്‍ന്ന് അല്‍മാക്കിയൂസ് അദ്ദേഹത്തെ മരണത്തിന് വിധിക്കുകയും ശിരഛേദം നടത്തുകയും ചെയ്തു. ഇന്ന് ചില ചരിത്രകാരന്മാര്‍ ഈ സംഭവത്തെ ഐതീഹ്യമായി കണക്കാക്കുന്നു. മറ്റ് ചില പണ്ഡിതന്മാര്‍ വി. സിസിലിയുടെ രക്തസാക്ഷിത്വത്തിനുശേഷം ഉര്‍ബന്‍ മാര്‍പ്പാപ്പ സാധാരണ മരണം വരിച്ചു എന്ന് കരുതുന്നു.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26