"അമ്മയായ ഭൂമിയും ധൂർത്തരായ മനുജരും"


ഫോൺ ബെൽ അടിക്കുന്നു. കണ്ണൻ കാക്ക പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു. ഒന്നു സമാധാനമായി ഇരിക്കാൻ പറ്റില്ലേ ഈ കോവിഡ് കാലത്ത്.. ഈ വോഡഫോൺ കാരുടെ പരസ്യം ആയിരിക്കും... നല്ല ഡോസ് കൊടുക്കാമെന്ന് വെച്ചാലും പറ്റില്ല…

ഹലോ... ഹലോ... ഒട്ടും മയമില്ലാതെ അവൻ ഫോൺ എടുത്തു. അങ്ങേത്തലയ്ക്കൽ കേട്ടുമറന്ന ഒരു ശബ്ദം. എടാ കണ്ണാ എന്തുട്ടാ വിശേഷങ്ങൾ?

ഓ ചൊക്ലി അമ്മാവനോ... അമ്മാവൻ എന്താണ് പതിവില്ലാതെ? തൊട്ടു അയൽപ്പക്കം ആയിരുന്നപ്പോൾ ഒന്നു മിണ്ടാനും,  പറയാനും മിനക്കെടാത്ത ആൾ ആയിരുന്നല്ലോ..! നിങ്ങള് വെല്ല്യ ആൾക്കാരല്ലേ... ഞങ്ങള് പാവങ്ങള്...!

ഓ..അതൊക്കെ നീ വിട്ടുകള... അന്നങ്ങനെയോക്കെ സംഭവിച്ചു. അന്നത്തെ അഹങ്കാരത്തിൻ്റെ ശിക്ഷയോക്കെ ഞാനിന്ന് അനുഭവിക്കാ മോനേ. പൈസയും പോയി,പത്രാസും പോയി. എല്ലാരും പോയി... നിൻ്റെ അച്ഛനും അമ്മക്കും സുഖമല്ലേ? ഞാനവിടെ ഉണ്ടായിരുന്നപ്പോൾ എനിക്ക് നിങ്ങളൊടോക്കെ പുച്ഛമായിരുന്നു. നിങ്ങളുടെ ആ പൊട്ടിപ്പൊളിഞ്ഞ വീട് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഓർമ്മയുണ്ടല്ലേ.... അന്ന് വലിയ മഴയും, ഇരുട്ടും വന്നപ്പോ അമ്മാവൻ്റെ വീട്ടിൽ ഒന്നു കേറി നിന്നോട്ടേ,  മഴ നനയുന്നെ എന്ന് പറഞ്ഞ എൻ്റെ അച്ഛനെ നിഷ്കരുണം തല്ലിപ്പുറത്ത് ആക്കിയ ആളല്ലേ... എനിക്കും നല്ല ഓർമ്മയുണ്ട്.

എന്ത് പറയാനാ... കോവിഡ് വന്ന് എൻ്റെ ചിന്നുനേം, ചമ്മൻ, പിന്നെ പമ്മിയേം എല്ലാം കൊണ്ടുപോയി. എൻ്റെ അഹങ്കാരത്തിനും, പത്രാസിനും ഒന്നും അവരെ രക്ഷിക്കാൻ പറ്റിയില്ല... സ്വന്തം എന്നു കരുതിയവർ ആരും ഉണ്ടായില്ല അവസാനം.  വിതുബലടക്കി ചൊക്ലി അമ്മാവൻ പറഞ്ഞു നിർത്തി.

അമ്മാവന് പൈസ ഉണ്ടായിട്ട്,..ഞങ്ങൾക്കിവിടെ പൈസ ഇല്ലാഞ്ഞിട്ട്. തമ്പുരാൻ കാത്തു. നേരായ വഴിയിലൂടെ പോകാനേ അച്ഛനും,അമ്മയും പഠിപ്പിച്ചിട്ടുളളൂ. ഇപ്പൊ കോവിഡ് കാരണമെൻ്റെ കൂലിപ്പണി പോയി കിട്ടി. സർക്കാരിൻ്റെ കിറ്റ് ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടുന്നു. അച്ഛനും അമ്മക്കും സുഖം.

മോനേ ഇവിടെ ഒന്നു പുറത്തിറങ്ങാൻ വയ്യ... ഈ പാലക്കാട് ഭയങ്കരചൂടാ... ഇത്തിരി വെള്ളം തന്നിരുന്ന ലീലാവതി ടീച്ചറിനും കോവിഡ് വന്ന് മരിച്ചു. എന്നും ഒരല്പം വെള്ളം അവർ പുറത്ത് വയ്ക്കുമായിരന്നു. അവർ വളരെ നല്ല സ്ത്രീ ആയിരുന്നു. ആ.. ഇനി പറഞ്ഞിട്ട് എന്താ കാര്യം. പോയത് തിരിച്ചു വരില്ലല്ലോ... 

അമ്മാവാ, ഞാനോർക്കുവാ ഈ  കോവിഡ് തുടങ്ങിയപ്പോ എന്ത് സുഖമായിരുന്നു. ജനങ്ങൾ എല്ലാം വീട്ടിനുള്ളിൽ. നമുക്ക് പുറത്തിറങ്ങാം. ആരുടേയും ശല്യം ഇല്ല. ശുദ്ധവായു ,ശുദ്ധജലം.. പ്രകൃതി തന്നെ എത്ര സുന്ദരമായിരുന്നു! ഈ സ്വാർത്ഥനായ മനുഷ്യൻറെ അഹങ്കാരം ഇനിയും മതിയാക്കാൻ ആയില്ലേ? അവൻറെ വിചാരം ഈ ഭൂമി അവൻറെ മാത്രം കുത്തക ആണെന്നാ.നമുക്കെല്ലാവർക്കും കൂടിയല്ലേ സുന്ദരമായ ഈ ഭൂമി ദൈവം തന്നത്? അവർ അതെല്ലാം നശിപ്പിച്ചു. നമുക്കൊന്നും ജീവിക്കാൻ വയ്യാത്തതു ആക്കി.

ഉം.. ഇനിയെങ്കിലും അവർ പഠിക്കട്ടെ . ഈ ജീവിതം സുന്ദരമാണെന്നും, പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യണമെന്നും. മരണത്തിനു മുൻപിൽ എല്ലാവരും തുല്യരാണെന്നും. അമ്മാവന് ഒരു കൊറോണ കൊണ്ട് കാര്യം മനസ്സിലായി. വല്യ വിവരം ഉണ്ടെന്ന് പറയുന്ന ഈ മനുഷ്യർ എന്നു പഠിക്കും? നമ്മുടെ ബുദ്ധിയെങ്കിലും അവർക്ക് കിട്ടട്ടെ അല്ലേ? അമ്മാവൻ എന്നാ ഇങ്ങോട്ട് വരിക? നമുക്ക് ഇവിടങ്ങു കൂടാം.

അതിനിപ്പോ യാത്ര ചെയ്യാൻ പറ്റില്ലല്ലോ. കണ്ടോൺമെൻറ് സോൺ അല്ലേ. വേഗം കൊറോണ മാറട്ടെ. അപ്പോ ഞാൻ വരാം. അച്ഛനുമമ്മയ്ക്കും അന്വേഷണം പറയണം. എന്നോട് പിണങ്ങരുത് എന്നും പറയണം. 

തീർച്ചയായും പറയാം. ഞങ്ങൾക്ക് ആരോടും വിരോധമില്ല. അവർ ഉറക്കമാണ്. നല്ല മഴയും. ഇപ്പൊ മഴ ഉണ്ടെങ്കിലും മഴ നനയാത്ത ഒരു വീട് ഞാൻ ഉണ്ടാക്കി.

അപ്പോ ശരി മോനേ, ഞാൻ ഇടയ്ക്ക് വിളിക്കാം....ക്ര..ക്രാ... ക്‌റാ ക്‌റ..

കണ്ണൻ കാക്ക സ്വയം ചിന്തിച്ചു. ഒന്നുമില്ലെങ്കിൽ ഇനിയെങ്കിലും എല്ലാവരും സ്നേഹത്തിൽ ജീവിച്ചിരുന്നെങ്കിൽ, കാശിന്റെ അഹങ്കാരം ഒന്നു മറന്നു പങ്ക് വച്ച് ജീവിച്ചിരുന്നെങ്കിൽ..! കൊറോണ മനുഷ്യരെ ഇത്രയെങ്കിലും പഠിപ്പിക്കുമോ..?!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26