സ്‌നേഹത്തണലായി അമ്മയെത്തി; മൗനം ഉള്ളിലൊതുക്കി മോണ്ടി തേങ്ങി

സ്‌നേഹത്തണലായി അമ്മയെത്തി; മൗനം ഉള്ളിലൊതുക്കി മോണ്ടി തേങ്ങി

കോഴിക്കോട്: സ്‌നേഹത്തണലായി അമ്മയെത്തിയപ്പോള്‍ മോണ്ടിയുടെ ഉള്ളില്‍ മൗനം അലകളായി വീശിയിട്ടുണ്ടാവണം. രണ്ടര വര്‍ഷം നീണ്ട പ്രാര്‍ഥനയ്ക്ക് ഫലം കണ്ടപ്പോള്‍ ആ അമ്മ സന്തോഷത്താല്‍ വിങ്ങിപ്പൊട്ടി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസില്‍ ഇന്നലെയായിരുന്നു വികാര നിര്‍ഭരായ രംഗങ്ങളുണ്ടായത്.

2018 ഒക്ടോബര്‍ രണ്ടിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ശക്കര്‍പുരില്‍ നിന്നു കാണാതായ മോണ്ടി (15) യെ കണ്ടെത്തി എന്ന വിവരം അറിഞ്ഞാണു അമ്മ അനിത പുരന്‍ചന്ദും സഹോദരന്‍ വികാസും എത്തിയത്. കഴിഞ്ഞ 14 നാണു റെയില്‍വേ പൊലീസിന്റെ സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോണ്ടിയെ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത്. ഇന്നലെ കോഴിക്കോട് കലക്ടറാണ് മോണ്ടിയുടെ കഥ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നാടിനെ അറിയിച്ചത്.

സംസാരശേഷി ഇല്ലാത്ത കുട്ടിയാണ് മോണ്ടി. ഇങ്ങനെയൊരു കുട്ടി ഹോമില്‍ എത്തിപ്പെട്ടപ്പോള്‍ അധികൃതര്‍ ശരിക്കും കുഴങ്ങി. അങ്ങനെയിരിക്കെയാണ് മോണ്ടിയുടെ കയ്യില്‍ അവ്യക്തമായ രീതിയില്‍ പച്ചകുത്തിയതു ശ്രദ്ധയില്‍പെട്ടത്. ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. ബച്പന്‍ ബചാവോ ആന്ദോളന്‍ കേരള കോര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നപ്പള്ളി എത്തിയാണ് പച്ചകുത്തിയതു മോണ്ടി എന്നാണെന്നും അതു കുട്ടിയുടെ പേരാണെന്നും പറഞ്ഞത്.

കൈയ്യില്‍ അവ്യക്തമായ രീതിയിലുള്ളത് ശക്കര്‍പുര്‍ എന്നാണെന്നും അതു മോണ്ടിയുടെ നാട് ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് ഡല്‍ഹിയിലെ ബിബിഎ ടീം ഡയറക്ടര്‍ മനീഷ് ശര്‍മ വഴി പ്രസ്രീന്‍ നടത്തിയ അന്വേഷണത്തില്‍ ശക്കര്‍പുര്‍ എന്നൊരു സ്ഥലം ഡല്‍ഹിയില്‍ ഉണ്ടെന്നും അവിടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരന്‍ചന്ദിന്റെ സംസാരശേഷിയില്ലാത്ത മകന്‍ മോണ്ടിയെ കാണാതായിട്ടുണ്ടെന്നും മനസിലാക്കി.

മകനെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ സുഭാഷ് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോണ്ടിയുടെ ഫോട്ടോ പതിച്ച നോട്ടിസ് അച്ചടിച്ചു പലേടത്തും വിതരണം ചെയ്യുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.

മോണ്ടിയെ ഇനി കാണാന്‍ കഴിയില്ലെന്ന ദുഃഖവുമായി കഴിയവെയാണ് പുരന്‍ചന്ദിന്റെ വീടു തേടി ബിബിഎ ടീം എത്തിയത്. അനിത പുരന്‍ചന്ദിനും വികാസിനും കോഴിക്കോട്ടു വരാനും പോകാനും താമസിക്കാനുമുള്ള കാര്യങ്ങള്‍ ബച്പന്‍ ബചാവോ ആന്ദോളന്‍ ആണു ചെയ്തത്. മോണ്ടിയുമായി സഹോദരനും അമ്മയും ഇന്ന് ഡല്‍ഹിക്ക് മടങ്ങും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.