ഫോണില്‍ സംസാരിക്കവേ കെട്ടിടം ഭൂമിയിലേക്കമര്‍ന്നു; മൈക്കിളിന്റെ കാതില്‍ ഇപ്പോഴും പാതിമുറിഞ്ഞ ഭാര്യയുടെ നിലവിളി

ഫോണില്‍ സംസാരിക്കവേ കെട്ടിടം ഭൂമിയിലേക്കമര്‍ന്നു; മൈക്കിളിന്റെ കാതില്‍ ഇപ്പോഴും പാതിമുറിഞ്ഞ ഭാര്യയുടെ നിലവിളി

മയാമി: യു.എസിലെ മയാമിയില്‍ 12 നിലയുള്ള കെട്ടിടം ഇടിഞ്ഞുവീഴുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു കാസി സ്ട്രാറ്റന്‍ എന്ന യുവതി. കെട്ടിടം ഇടിഞ്ഞുവീഴുകയാണെന്നു മനസിലായില്ലെങ്കിലും എന്തോ വലിയ അപകടം സംഭവിക്കുന്നതിന്റെ ഭയം കാസി തന്നോടു പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ഫോണ്‍ കട്ടായതായി ഭര്‍ത്താവ് മൈക്കിള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ ഭൂമി കുലുങ്ങുന്ന പോലെ അനുഭവപ്പെട്ട കാസി താഴെയുള്ള സ്വിമ്മിംഗ് പൂള്‍ ഭൂമിയിലേക്ക് ഇടിഞ്ഞു താഴുന്നതായി നിലവിളിച്ചുകൊണ്ട് ഭര്‍ത്താവിനോട് പറഞ്ഞയുടന്‍ ഫോണ്‍ നിശബ്ദമാകുകയായിരുന്നു. പിന്നീട് മൈക്കിള്‍ തുടര്‍ച്ചയായി തിരിച്ചുവിളിച്ചെങ്കിലും കാസിയെ കിട്ടിയില്ല. അതിനകം ഭൂമിയിലേക്കു നിലംപൊത്തിയ കെട്ടിടത്തിനുള്ളില്‍ കാസിയും അകപ്പെടുകയായിരുന്നു. കാസി ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇനിയും കണ്ടെത്താനുള്ള 150 പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.


അപകടത്തില്‍പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകന്‍

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് വലിയ പ്രകമ്പനത്തോടെ കെട്ടിടം ഇടിഞ്ഞുവീണത്. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഈ സമയം കാസി ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുന്നിലുണ്ടായിരുന്ന സ്വിമ്മിംഗ് പൂള്‍ ഇടിഞ്ഞു ഭൂമിയിലേക്കു പോയ ഭയാനകമായ കാഴ്ച്ച ബാല്‍ക്കണിയില്‍നിന്നു കണ്ട കാസി അതു പറഞ്ഞുപൂര്‍ത്തിയാക്കും മുന്‍പ് കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നെന്ന് മൈക്കിള്‍ പറഞ്ഞു.

'പൂള്‍ ഇടിഞ്ഞുവീഴുകയാണെന്നു അലറിവിളിച്ച് അവള്‍ പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസിലായില്ല. നീ എന്താണ് സംസാരിക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. ഭൂമി കുലുങ്ങുന്നുവെന്നും ചുറ്റുപാടും വിറയ്ക്കുന്നുവെന്നും പറഞ്ഞപ്പോഴേക്കും ലൈന്‍ മുറിഞ്ഞു. പിന്നീട് അവളെ ഞാന്‍ കണ്ടിട്ടില്ല-മൈക്കിള്‍ വേദനയോടെ പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റിന്റെ അപകടാവസ്ഥയെക്കുറിച്ച് മാസങ്ങളായി കാസി പരാതിപ്പെട്ടിരുന്നുവെന്ന് സഹോദരി ഡീന്‍ പറഞ്ഞു. കെട്ടിടത്തില്‍ വെള്ളം ചോരുന്നതിനെക്കുറിച്ചും അവര്‍ പലപ്പോഴും പറഞ്ഞിരുന്നു. കെട്ടിടം തകര്‍ന്നതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല.

അപകടത്തില്‍പെട്ട ഒന്‍പതു പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഇനിയും കണ്ടെത്താനുള്ള 150 പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട്.

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ഫ്ളോറിഡയിലെ മയാമിക്കു സമീപം 12 നില കെട്ടിടം ഇടിഞ്ഞുവീണ് വലിയ അപകടമുണ്ടായത്. ടണ്‍കണക്കിനു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ശ്രദ്ധാപൂര്‍വമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ആളുകളെ രക്ഷിക്കാന്‍ കഴിയാത്തത് ബന്ധുക്കള്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണു തെരച്ചില്‍ നടത്തുന്നത്. അതിനിടെ കെട്ടിട അവശിഷ്ടങ്ങള്‍ക്കു തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കാണാതായവരില്‍ ഇന്ത്യ, പരാഗ്വേ, കൊളംബിയ, ഉറുഗ്വേ, വെനിസ്വേല, ഇസ്രയേല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ട്. അപകട സമയത്ത് എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. 102 പേരെയാണ് രക്ഷപ്പെടുത്തിയത്. 10 പേര്‍ക്കു പരുക്കേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.