കേരളം ചർച്ച ചെയ്യാതെ പോകുന്ന ആത്മഹത്യകൾ

കേരളം ചർച്ച ചെയ്യാതെ പോകുന്ന ആത്മഹത്യകൾ

മതനിരപേക്ഷ കേരളം എന്ന് അഭിമാനിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു എന്ന ആക്ഷേപം പലപ്പോഴും ഉയർന്നു വരുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, തങ്ങളുടെ സൗകര്യപൂർവ്വം വാർത്തകളെ തമസ്കരിക്കുകയും താല്പര്യമുള്ള വാർത്തകൾ എടുത്ത് വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് നിർബാധം തുടരുന്നു.

അമൃതാനന്ദമയി ആശ്രമത്തിൽ  ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കിർസി എസ്ഥർ കാർവോ എന്ന 52 വയസ്സുള്ള ഫിൻലൻഡ് കാരിയുടെ മരണം മാധ്യമങ്ങൾ അന്തി ചർച്ചക്ക് ഇതുവരെ  വിഷയമാക്കിയിട്ടില്ല. ഒരു വർഷം മുൻപ് ഇതേ ആശ്രമത്തിൽ നാൽപ്പത്തിയഞ്ച് വയസുള്ള സ്റ്റെഫേഡ് ഫിയോണ എന്ന ബ്രിട്ടീഷുകാരി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഇതും കേരള മാധ്യമങ്ങൾ അന്തി ചർച്ചക്ക് വിഷയമാക്കിയില്ല. 2015 -ൽ ആശ്രമത്തിന്റെ ടോയ്‌ലറ്റിലെ വെന്റിലേറ്ററിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ട ജപ്പാൻ കാരി ഔചി ഈജിയുടെ മരണവും തമസ്കരിക്കപ്പെട്ടു.

ഈ മരണങ്ങൾ ഒരു മാധ്യമവും ചർച്ചാവിഷയമാക്കുന്നില്ല. എന്താണ് ഇങ്ങനെ അസ്വാഭാവിക മരണങ്ങൾ ഒരു സന്യാസാശ്രമത്തിൽ തുടർച്ചയായി ഉണ്ടായിട്ടും അതിന്റെ കാരണങ്ങൾ കേരളം ചർച്ച ചെയ്യാതിരിക്കുന്നത് ? കേരളത്തിലെ പ്രബലമായ സമുദായങ്ങളിലൊന്നായ ക്രൈസ്തവ സമൂഹത്തിലാണ് ഇപ്രകാരമുള്ള മരണങ്ങൾ അരങ്ങേറിയത് എങ്കിൽ അന്തി ചർച്ചകൾക്ക് പ്രത്യേക ഊർജ്ജം കൈവരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഒരു സമുദായ നേതാവിനെതിരെ ആത്മഹത്യാ  കുറിപ്പ് എഴുതി വച്ച് ജീവനൊടുക്കിയ കെ കെ മഹേശന്‍റെ മരണവും മാധ്യമങ്ങൾ സൗകര്യപൂർവ്വം മറന്നു കളഞ്ഞു.സ്വന്തം കുഞ്ഞിനെ ബലികൊടുത്ത ഉമ്മയെ അതിലേക്കു നയിച്ചത് എന്ത് എന്ന് ചർച്ച ചെയ്യാതെയും മാധ്യമങ്ങൾ ഒഴിഞ്ഞു നിന്നു.

ടി പി ആർ ഉയർത്തുവാൻ ഒരു എളുപ്പ മാർഗ്ഗമാണ് എരിവും പുളിയുമുള്ള ചർച്ചകളും വാഗ്‌വാദങ്ങളും. എളുപ്പത്തിൽ ആക്രമിക്കാവുന്നതും എന്നാൽ ദോഷകരമായ രീതിയിൽ പ്രതികരിക്കാത്തതുമായ ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹം എന്ന കണ്ടെത്തലാണ് ഇത്തരത്തിലുള്ള പക്ഷപാതപരമായ മാധ്യമ പ്രവർത്തനങ്ങൾക്ക് ആധാരം. ആറാം തിരുമുറിവ് ആയാലും അന്ത്യ അത്താഴവിവാദമായാലും മൗന ജാഥയിലോ പ്രതിഷേധ പ്രസ്താവനയിലോ ഒതുങ്ങുമെന്നതിനാൽ മാധ്യമ രാജാക്കന്മാർക്ക് വിധി പറയാനും ആക്രോശിക്കാനും വളരെ സൗകര്യപ്രദമാണ്.

പണമിറക്കുന്നവരുടെ താല്പര്യത്തിനും   പ്രതിഷേധ സ്വരങ്ങളുടെ  ആക്കത്തിന്  അനുസരിച്ചും  മാധ്യമ പ്രവർത്തകരുടെ പടവാളുകൾ  ഉറയിലിടുന്നതും ഊരിവീശുന്നതും  ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നതിനാൽ  ഈ ആത്മഹത്യകളും  മാധ്യമങ്ങൾ  ചർച്ച ചെയ്യാത്തതിൽ അത്ഭുതപ്പെടുന്നില്ല. മതവും ജാതിയും രാഷ്ട്രീയവും നോക്കി മാത്രം പ്രതികരിക്കുന്ന ഒരു സമൂഹമായി  കേരള സമൂഹം  മാറ്റപ്പെട്ടെരിക്കുന്നു എന്നതിന്റെ ചുവരെഴുത്തായി ഇതിനെ  കാണാം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.